കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ കേസിൽ നീതിതേടി മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന നടത്തുന്ന അനിശ്ചിതകാല സമരം ചൊവ്വാഴ്ച 100 ദിവസം പിന്നിടുന്നു. നൂറാം ദിനമായ തിരുവോണ നാളിൽ പട്ടിണി സമരം നടത്താനാണ് തീരുമാനം. ഹർഷിനക്ക് പിന്തുണയുമായി സംവിധായകൻ ജോയ് മാത്യു എത്തും. നീതി ലഭിച്ചതിനുശേഷമേ സമരപ്പന്തലിൽനിന്ന് മടങ്ങുകയുള്ളു എന്ന തീരുമാനത്തിലാണ് ഹർഷിന.
മെഡിക്കൽ ബോർഡിന്റെ അംഗീകാരത്തിന് കാത്തുനിൽക്കാതെ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതോടെ രണ്ട് ഡോക്ടർമാരടക്കം നാലുപേരുടെ അറസ്റ്റിന് കളമൊരുങ്ങിയിട്ടുണ്ട്. എന്നാൽ, പ്രതിചേർക്കൽ അടക്കം നടപടികളിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തൽ. മെഡിക്കൽകോളജ് എ.സി. സുദർശന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കത്രിക മെഡിക്കൽ കോളജിലേതാണെന്ന് കണ്ടെത്തിയത്. 2017 നവംബർ 30നാണ് ഹർഷിന മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്.
ദിനേശ് പെരുമണ്ണ സംഘാടക സമിതി ചെയർമാനായ സമരസമിതിയുടെ നേതൃത്വത്തിലാണ് ഹർഷിന സമരം നടത്തുന്നത്. 99ാം ദിനമായ തിങ്കളാഴ്ച വിമൻ ജസ്റ്റിസ് മലപ്പുറം നേതാക്കൾ സമര പന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.