ഈരാറ്റുപേട്ട (കോട്ടയം): ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുടെ പിന്തുണ സി.പി.എം തേടിയിട്ടില്ലന്ന് വി.എൻ വാസവൻ. എസ്.ഡി.പി.ഐ പിന്തുണയോടെ നഗരസഭ ഭരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ നിലപാടിൽ നിന്ന് ഒരിക്കലും മാറിയിട്ടില്ല. മൂന്ന് പ്രാവിശ്യം തെരഞ്ഞെടുത്തപ്പോഴും അവരുടെ വോട്ട് കൊണ്ട് ജയിക്കുകയാണെങ്കിൽ ആ ജയം വേണ്ട എന്ന് പറഞ്ഞ് രാജിവെച്ച് പോയവരാണ് ഞങ്ങൾ. അതിനാൽ ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. സ്വതന്ത്രൻമാരുൾപ്പെടെ യോജിച്ച് നിന്ന് പോകും. അല്ലാതെ, രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും തെറ്റായ സമീപനത്തിനും ഇടത് ജനാധിപത്യ മുന്നണി മുന്നോട്ട് വരില്ല. ഞങ്ങളുടെ പ്രഖ്യാപിത നയത്തിൽ തന്നെയാകും ഭാവിയിൽ അവിടെ മത്സര രംഗത്തുണ്ടാകുക -അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദറിനെതിരെ എൽ.ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. 28 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം കോൺഗ്രസ് വിമത അൻസൽന പരിക്കുട്ടിയും എസ്.ഡി.പി.ഐയിലെ അഞ്ച് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. 13 അംഗങ്ങളാണ് നഗരസഭയിൽ യു.ഡി.എഫിനുള്ളത്. അവിശ്വാസ പ്രമേയചർച്ചയിൽ യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.