കോഴിക്കോട്: സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സമീപനങ്ങളില്‍ നിന്ന് സാമ്പ്രദായിക പാര്‍ട്ടികള്‍ പിന്മാറണമെന്ന് എസ്.ഡി.പി.ഐ. വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളില്‍ സംശയം വളര്‍ത്തി സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ വളര്‍ച്ചയക്ക് ശ്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ ശ്രമം ഫാഷിസത്തിന്റെ വളര്‍ച്ചക്ക് വളക്കൂറുള്ള മണ്ണൊരുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേവല രാഷ്ട്രീയ നേട്ടത്തിനായി പ്രകടമായ വര്‍ഗീയത പറയുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ നിലപാട് അത്യന്തം അപകടകരമാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. സംഘപരിവാര അജണ്ടകള്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ ഏറ്റെടുത്ത് നടത്തുന്നത് ആശങ്കാജനകമാണ്. വര്‍ഗീയ സ്വഭാവത്തോടെയുള്ള പ്രചാരണം ആപല്‍ക്കരമായ രീതിയില്‍ പാര്‍ട്ടികള്‍ പിന്തുടരുകയാണ്. ഇത്തരം പ്രചാരണങ്ങളില്‍ ഇടതുപക്ഷം ഏറെ മുന്നിലാവുന്നത് ആശ്ചര്യകരമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യശ്രമങ്ങളെ പരാജയപ്പെടുത്താനും ചിലരെ കൂടെ നിര്‍ത്തി തുടര്‍ഭരണം സാധ്യമാക്കാനും അമീര്‍-ഹസന്‍-കുഞ്ഞാലി കേരളം ഭരിക്കുമെന്ന് ഇടതുപക്ഷം നടത്തിയ പ്രചാരണം നാം മറന്നിട്ടില്ല. സംഘപരിവാരത്തെ പോലും നാണിപ്പിക്കുംവിധം അങ്ങേയറ്റം വിഷലിപ്തമായ ലൗ ജിഹാദ് പ്രചാരണം ശക്തമാക്കിയത് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്. പിന്നീട് യോഗി ഉള്‍പ്പെടെയുള്ളവര്‍ അത് ഏറ്റുപിടിക്കുകയായിരുന്നു.
വഖഫ് ബോര്‍ഡ് വിവാദങ്ങള്‍, ശ്രീ റാം വെങ്കട്ടരാമന്റെ നിയമന വിവാദം, മദ്‌റസ അധ്യാപക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആവുംവിധം പ്രചാരണ ആുധമാക്കാന്‍ സംഘപരിവാരത്തിന് വിട്ടുനല്‍കിയതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണ്. വടകരയില്‍ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിച്ചപ്പോള്‍ സജീവമായി പ്രചാരണ രംഗത്തിറങ്ങിയ ലീഗ് ഷാഫിക്കുവേണ്ടി രംഗത്തിറങ്ങുമ്പോള്‍ വര്‍ഗീയമാകുന്നതിന്റെ രാഷ്ട്രീയം തിരച്ചറിയണം.
നാദാപുരത്തും വടകരയിലും ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സി.പി.എമ്മിന്റെ ഇടപെടല്‍ മുന്‍ അനുഭവങ്ങളാണ്. സംസ്ഥാനത്തും പ്രത്യേകിച്ച് വടകരയിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷെമീറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.