കോഴിക്കോട്: തന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ലേഖനം താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ. തന്നെ ഹിന്ദുത്വ പക്ഷത്തേക്ക് ഇങ്ങനെ കൂട്ടിക്കൊണ്ടുപോകാനാവില്ലെന് നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
സെബാസ്റ്റ്യൻ പോളിന്‍റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ 'മോദിവിരോധം ഒരുമനോരോഗം' എന്ന ത ലക്കെട്ടിൽ ലേഖനം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോദിയെയും സംഘ്പരിവാറിനെയും പുകഴ്ത്തുന്ന ലേഖനം നിരവധി പ േർ പങ്കുവെക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് താൻ അല്ല എഴുതിയതെന്ന് സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതായും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
സെബാസ്റ്റ്യൻ പോളിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
തെരഞ്ഞെടുപ്പിൽ അപരനെ നേരിടേണ്ടി വന്നിട്ടുണ്ട്. എത്ര കരുതൽ ഉണ്ടായാലും ഒറിജിനലിനെ കാണാതെ ഡ്യൂപ്പിന് വോട്ട് ചെയ്യാൻ കുറേപ്പേരുണ്ടാകും. സോഷ്യൽ മീഡിയയിൽ ഒരു അപരൻ എനിക്കെതിരെ അപകടകരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സെബാസ്റ്റ്യൻ പോൾ എന്ന പേരിൽ എനിക്ക് അപമാനകരമായ ഒരു ലേഖനം അയാൾ പ്രചരിപ്പിക്കുന്നു. എനിക്കെഴുതുന്നതിന് ഹിന്ദുത്വത്തിന്‍റെ മഷിയോ സംഘിയുടെ പേനയോ ആവശ്യമില്ലെന്ന് എന്നെ അറിയാവുന്നവർക്കറിയാം. പോളിങ് ബൂത്തിൽ അപരനെ തിരിച്ചറിയുന്നതിന് ചിഹ്നവും ചിത്രവുമുണ്ട്. സോഷ്യൽ മീഡിയയിൽ മറഞ്ഞിരിക്കുന്ന അപരനെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇത് മുഖം മറയ്ക്കുന്ന കഷ്ടകാലമാണ്.
സെബാസ്റ്റ്യൻ പോൾ എന്ന പേരിൽ ആറു പതിറ്റാണ്ടായി ലേഖനങ്ങൾ എഴുതുന്നത് മുൻ ലോക്സഭാംഗം കൂടിയായ ഞാനാണ്. ഞാൻ എഴുതിയത് എന്ന രീതിയിൽ ഒരു ക്ഷുദ്രലേഖനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കാര്യം ഡൽഹിയിൽനിന്ന് കാർട്ടൂണിസ്റ്റ് സുധീർനാഥ് എന്നെ അറിയിച്ചു. ആ ലേഖകൻ ഞാനല്ലെന്ന് ആദ്യമേ അറിയിക്കട്ടെ. അതിൽ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ വിയോജിക്കുന്നു. നിലപാടുകൾ സുവ്യക്‌തമായി ലഭ്യമായ മാധ്യമങ്ങളിലൂടെ യഥാസമയം ഞാൻ വെളിപ്പെടുത്തുന്നതിനാൽ ഔപചാരികമായ നിഷേധം ഇല്ലാതെതന്നെ അവ തിരസ്കരിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. എന്നെ ഹിന്ദുത്വ പക്ഷത്തേക്ക് ഇങ്ങനെ കൂട്ടികൊണ്ടുപോകാനാവില്ല. സോഷ്യൽ മീഡിയയിലെ സ്വതന്ത്രമായ വിനിമയങ്ങളിൽ പൊലീസ് ഇടപെടരുതെന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ ക്ഷുദ്രവൃത്തിക്ക് ആ പരിരക്ഷ നൽകേണ്ടതില്ല. അതുകൊണ്ട് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഞാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു പോസ്റ്റുകൊണ്ട് എന്നെ ഞാനല്ലാതാക്കാൻ ആകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.