കോഴിക്കോട്: സാങ്കേതിക സർവകലാശാല വി.സിയെ അയോഗ്യയാക്കിയ സുപ്രീംകോടതി വിധിപ്രകാരം, നിയമനത്തിൽ ചട്ടലംഘനം നടന്ന മറ്റു വി.സിമാരും പുറത്തേക്ക് പോകേണ്ടിവരുമെന്ന് നിയമവിദഗ്ധർ. ഏതു കോടതിയിൽ പോയാലും വി.സിമാരുടെ നിയമനം റദ്ദാക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
സുപ്രീം കോടതി വിധി വന്ന നിമിഷം മുതൽ വി.സിമാർ ആ സ്ഥനത്തില്ലാതായെന്ന് ഇടതുസഹയാത്രികനും മുൻ എം.പിയുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി. ചട്ടലംഘനം നടന്നതിനാൽ നിയമിച്ച ദിവസം മുതൽ വി.സിമാർ അയോഗ്യരാണെന്നാണ് സുപ്രീംകോടതി വിധി. ആ വിധി വന്ന സമയം മുതൽ അവർ അയോഗ്യരായിരിക്കുന്നു. അവർ സ്വമേധയാ പോകുന്നില്ലെങ്കിൽ അവരെ നീക്കം ചെയ്യാം -സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഏതൊക്കെ സര്‍വകലാശാലകളിലാണോ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വി.സിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമങ്ങളെല്ലാം നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് (Void Ab Initio) സുപ്രീം കോടതി സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധിയില്‍ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ 9 സര്‍വകലാശാലകളിലെയും വി.സിമാരുടെ നിയമനം സുപ്രീം കോടതി വിധി അനുസരിച്ച് Void Ab Initio ആണ്. അതായത് നിയമം ലംഘിച്ച് നടപ്പാക്കിയ നിയമനങ്ങള്‍ അപ്പോള്‍ തന്നെ നിയമവിരുദ്ധമായി.
ചാൻസലറുടെ പദവിയിൽ ആരായാലും ഇക്കാര്യം ചെയ്യേണ്ടിവരുമെന്ന് നിയമവിദഗ്ധർ പറയുന്നു. ചാൻസലർ സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് എ.ജി സർവകലാശാല വി.സിയായിരുന്ന എ.വി ജോർജിനെ നീക്കം ചെയ്തത്. അദ്ദേഹം അതിനെതിരെ സുപ്രീകോടതി വരെ കേസ് നടത്തിയെങ്കിലും വിജയമുണ്ടായില്ല. ആ കേസിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ വി.സിമാരുടെയും സ്ഥിതി അതാവും.
നിയമനമല്ല, നിമനപ്രക്രിയയാണ് കോടതി പ്രശ്നവത്കരിച്ചത്. വി.സിമാരുടെ നിയമനത്തിന്റെ തുടക്കം മുതൽ തെറ്റി. വി.സി നിയമനത്തിന് ഒറ്റപ്പേര് മാത്രം നിർദേശിച്ചതും സർച്ച് കമ്മിറ്റിയിൽ അക്കാദമിക് പണ്ഡിതർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതുമാണ് വിനയായത്. ഗവർണറുടെ ഷോക്കോസ് നോട്ടീസിന് 10 ദിവസത്തിനകം വി.സിമാർ മറുപടി നൽകണം.
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെ ഹൈകോടതിയിൽ കടുത്ത വാദപ്രതിവാദമാണ് ഇന്ന് നടന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, വി.സിമാരുടെ നിയമനം അടിസ്ഥാനപരമായി ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ചാൻസിലർക്ക് നിയമിക്കാനുള്ള അധികാരമേ ഉള്ളൂ എന്നും അദ്ദേഹം ചോദിച്ചു. വി.സിമാരോടു ചോദ്യശരങ്ങൾ തൊടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചില വാദങ്ങളെ പരിഹസിക്കുകയും കുസാറ്റ് വി.സിയുടെ അഭിഭാഷകനെ താക്കീത് ചെയ്യുകയും ചെയ്തുവെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.