മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) നിര്യാതനായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ, വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. മൃതദേഹം ചിറയിൻകീഴിലുള്ള വസതിയിൽ.

വെള്ളിയാഴ്ച രാവിലെ 11 മുതൽ എ.കെ.ജി സെന്‍റർ, ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുശേഷം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. ഭാര്യ: ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.

തലസ്ഥാനത്തെ സി.പി.എമ്മിന്‍റെ മുഖങ്ങളിലൊരാളായ ആനത്തലവട്ടം ആനന്ദൻ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് 1987,96, 2006 തെരഞ്ഞെടുപ്പുകളിൽ നിയമസഭാംഗമായി. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു. 1954ല്‍ ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലെത്തുന്നത്. വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം.

ഈ സമരത്തിനായി റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്നുവെച്ചു. 1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. തൊഴിലാളി സമരങ്ങളുടെ ഭാഗമായി ആനന്ദന്‍ പലവട്ടം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു. പിന്നീട്, അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ച ശേഷമാണ് ജയില്‍മോചിതനായത്. 2008ല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. നിലവിൽ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണ്. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്.

12 വര്‍ഷം കയര്‍ഫെഡിന്റെ പ്രസിഡന്റായിരുന്നു. കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. 1937 ഏപ്രില്‍ 22ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായാണ് ജനനം.

Tags:    
News Summary - Senior CPM leader Anathalavattom Anandan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.