തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലിൽ നിന്ന് മാതാപിതാക്കളുടെ സ്നേഹ ഭവനങ്ങളിലേക്ക് എട്ടു കുരുന്നുകൾ കൂടി. സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച ഈ അപൂർവ്വകാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ഒരു ദിവസം ഇത്രയധികം കുട്ടികളെ ദത്തു നൽകുന്നത് ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിൽ ഇതാദ്യം. നർഗീസ്, വൈഷ്ണവ്, ശില്പ, ശ്രദ്ധ, ജോനാഥൻ, ലക്ഷ്യ, വികാസ് എന്നീ കുരുന്നുകളെയാണ് ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി കൈമാറിയത്.
ഒരാൾ മഹാരാഷ്ട്രയിലേക്കും മറ്റൊരാൾ തമിഴ് നാട്ടിലേക്കും പറക്കും. ബാക്കി ആറു പേർ കേരളത്തിൽ തന്നെയാണ് ചേക്കേറുന്നതും പിച്ചവച്ചു വളരുന്നതും. തിരുവനന്തപുരം-ഒന്ന്, ആലപ്പുഴ-രണ്ട്, കോട്ടയം-രണ്ട്, കോഴിക്കോട്-ഒന്ന് എന്നിവിടങ്ങളിലാണ് കേരളത്തിലെ അച്ഛനമ്മമാരുടെ സ്നേഹവീടുകൾ. ഡോക്ടർ, അസിസ്റ്റൻറ് ഡയറക്ടർ, യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥർ, പൊലീസ്, സ്വന്തമായി ബിസിനസ് നടത്തുന്നവർ തുടങ്ങി വിവിധ മേഖലകളിൽ ജോലി നോക്കുന്നവരാണ് മാതാപിതാക്കൾ.
പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം 14 മാസത്തിനിടയിൽ 76 കുട്ടികളെയാണ് ഇതുവരെ ദത്തു നൽകിയത്. ഇതിൽ 12 പേർ വിദേശത്തേക്ക് പറന്നു. ബാക്കിയുള്ളവർ സ്വദേശത്തേക്കും. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (കാര)യുടെ ഓൺലൈൻ സൈറ്റിൽ കൂടി ഇന്ത്യയിലെ വിവിധ അഡോപ്ഷൻ ഏജൻസികളിൽ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ട ദമ്പതികൾക്ക് മുൻഗണന പ്രകാരമാണ് ശിശുക്ഷേമ സമിതിയിൽ നിന്നും ക്ലിയറൻസ് ലഭിച്ച ഇത്രയധികം കുട്ടികളെ ഒരുമിച്ചു ദത്തു നൽകിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.