തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായുള്ള ശീതസമരത്തിന് തുടർച്ചയായി ഗവർണർക്കു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വൻവീഴ്ച. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത് സേനക്കകത്തുതന്നെ ചർച്ചയായി.
തിരുവനന്തപുരം വഴുതക്കാട് സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഗവർണർക്കു നേരെ എസ്.എഫ.ഐ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഗവർണർ എത്തുന്നതിനു മുമ്പ് പരിസരത്തെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമിച്ചില്ല. മറിച്ച് ഗവർണർക്ക് നേരെ പ്രതിഷേധിക്കാൻ സൗകര്യമൊരുക്കി എന്നാണ് സേനയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഗവർണറുടെ രാഷ്ട്രീയം എന്തായാലും സുരക്ഷ ഒരുക്കാനുള്ള പൊലീസിന്റെ കൃത്യനിർവഹണത്തിൽ വീഴ്ച വന്നതായും ആക്ഷേപമുണ്ട്.
കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സർവകലാശാലകളെ സംഘ്പരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഗവർണർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു.
എസ്.എഫ്.ഐ ജില്ല സെക്രട്ടറി ആദർശ്, ജില്ല പ്രസിഡന്റ് എം. നന്ദൻ, വഞ്ചിയൂർ ഏരിയ സെക്രട്ടറി എസ്. സഞ്ജയ്, വഞ്ചിയൂർ ഏരിയ പ്രസിഡന്റ് രേവന്ത് ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.