എസ്.എഫ്.ഐ ആൾമാറാട്ടം: പ്രിൻസിപ്പലിന്‍റെ കസേര തെറിക്കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ശനിയാഴ്ച ചേരും. ആൾമാറാട്ടത്തിൽ കുറ്റസമ്മതം നടത്തിയ പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവിനെതിരായ ശിക്ഷാനടപടി യോഗം തീരുമാനിക്കും. തിരിമറിക്ക് കൂട്ടുനിന്ന ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റുമെന്നാണ് സൂചന. ആൾമാറാട്ടത്തിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാവ് കോളജിലെ ഒന്നാം വർഷം ബി.എസ്.സി വിദ്യാർഥി എ. വിശാഖിനെതിരായ നടപടിയും സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.

ഡിസംബർ 12ന് നടന്ന തെരഞ്ഞെടുപ്പിൽ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ (യു.യു.സി) സ്ഥാനത്തേക്ക് എസ്.എഫ്.ഐ പാനലിൽനിന്ന് ജയിച്ച അനഘ, ആരോമൽ എന്നിവരിൽ അനഘയുടെ പേരുവെട്ടി മത്സരരംഗത്തില്ലാതിരുന്ന വിശാഖിന്‍റെ പേര് തിരുകിക്കിയറ്റി യൂനിവേഴ്സിറ്റിക്ക് നൽകുകയാണ് പ്രിൻസിപ്പൽ ചെയ്തത്. വിശാഖിന്‍റെ താൽപര്യം പരിഗണിച്ചാണ് പ്രിൻസിപ്പൽ തിരിമറി നടത്തിയതെന്ന് യൂനിവേഴ്സിറ്റി രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

േമയ് 26ന് നടക്കേണ്ട യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടം പുറത്തുവന്നതിന് പിന്നാലെ നിർത്തിവെച്ചിരുന്നു. പുതിയ തെരഞ്ഞെടുപ്പ് തീയതി ഉൾപ്പെടെ കാര്യങ്ങളും തീരുമാനിക്കേണ്ടതുണ്ട്.

വിശാഖിനെ പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽനിന്ന് സി.പി.എം പുറത്താക്കുകയും ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം സ്ഥാനങ്ങളിൽനിന്ന് എസ്.എഫ്.ഐ നീക്കുകയും ചെയ്തിരുന്നു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രിൻസിപ്പൽ ഡോ. ഷൈജുവിനെയും നീക്കി.

Tags:    
News Summary - SFI impersonation: Kerala University Syndicate will take action against principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.