ഇടുക്കി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പറം പട്ടപ്പാറ അദ്വൈതം വീട്ടിൽ രാജേന്ദ്രന്റെയും പുഷ്കലയുടെയും മകൻ ധീരജാണ് (21) മരിച്ചത്. കുത്തേറ്റ മറ്റ് രണ്ടു വിദ്യാർഥികൾ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ പൊലീസ് പിടികൂടി. കോളജിലെ നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറു പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കാമ്പസിന് പുറത്ത് കോളജ് ഗേറ്റിന് സമീപമാണ് സംഭവം. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ധീരജ്. കോളജിൽ അബ്ദുൽകലാം ടെക്നിക്കൽ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഒരു മണി വരെ വോട്ടെടുപ്പിന് ശേഷം 1.30 വരെ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥികൾക്ക് വോട്ട് ചെയ്യാനുള്ള സമയമായിരുന്നു. ഇതിനിടെ, ധീരജും ഏതാനും എസ്.എഫ്.ഐ പ്രവർത്തകരും കൂടി കോളജിന് പുറത്തെത്തി. ഇവിടെ കൂടിനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതായി പറയുന്നു. ഇതിനിടെ, പിന്തിരിഞ്ഞോടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അക്രമം തടയാൻ ശ്രമിച്ച എസ്.എഫ്.ഐ ഏരിയ ജോയന്റ് സെക്രട്ടറി തൃശൂർ മഴുവഞ്ചേരി തുളപറമ്പിൽ അഭിജിത്ത് ടി. സുനിൽ, പ്രവർത്തകൻ കൊല്ലം മുള്ളുവിള എസ്.എച്ച്.ജി നഗറിൽ പുണർതം വീട്ടിൽ എ.എസ്. അമൽ എന്നിവർക്കും കുത്തേറ്റു.
മൂന്നുപേർക്ക് കുത്തേറ്റ വിവരം ഉടൻ സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അതുവഴി വന്ന ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്റെ കാറിൽ ഗുരുതര പരിക്കേറ്റ ധീരജിനെ സമീപത്തെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അമലും അഭിജിത്തും അപകടനില തരണം ചെയ്തു.
വൈകീട്ട് അഞ്ചോടെ ഇടുക്കിക്ക് സമീപം കരിമണലിൽവെച്ച് ബസിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്ന നിഖിലിനെ പൊലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. സംഭവത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. ഇടുക്കി മുതൽ കണ്ണൂർ വരെ 13 കേന്ദ്രങ്ങളിൽ പൊതുദർശനം ഉണ്ടാകും.
രാജേന്ദ്രന്റെയും പുഷ്പകലയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ധീരജ്. എൽ.ഐ.സി ഏജന്റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. കണ്ണൂർ കുടിയാന്മല സ്വദേശിനിയായ പുഷ്പകല തളിപ്പറമ്പ് ആയുർവേദ ആശുപത്രി നഴ്സാണ്. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർഥി അദ്വൈതാണ് സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.