പമ്പ: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും സന്തുലനപ്പെടണമെന്ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം. ഇതേസമയം, തീര്‍ഥാടകര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യം ഉറപ്പുവരുത്തുന്നതിനു വനഭൂമി വിട്ടുകിട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെയടക്കം ബോധ്യപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണം.
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പുവരുത്തണം. മെഡിക്കല്‍ സൗകര്യവും ലഭ്യമാക്കണം. മാലിന്യസംസ്കരണത്തിനു പരിസ്ഥിതി സൗഹാര്‍ദ രീതികള്‍ സ്വീകരിക്കണം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനുമായി ശബരിമല വിഷയം ചര്‍ച്ച ചെയ്തു. അദ്ദേഹത്തെ ശബരിമല സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ട മുകള്‍ത്തട്ടിലുള്ളവരെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം.
കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളും കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മാര്‍ച്ച് അവസാനത്തോടെ കേരളത്തെ ഒ.ഡി.എഫ് സംസ്ഥാനമായി പ്രഖ്യാപിക്കാനാകുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ചുരുങ്ങിയ സമയത്ത് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് ശബരിമലയിലാണ്. ശബരിമലയില്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ളെന്ന വിവരം മുന്‍കൂട്ടി തീര്‍ഥാടകരെ അറിയിക്കാന്‍ കഴിയണമെന്നും പമ്പയെ മാലിന്യങ്ങളില്‍നിന്ന് സംരഷിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 300 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് അധ്യക്ഷതവഹിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതില്‍ 112.5 കോടി പമ്പക്കാണ്. നിലക്കല്‍ ബേസ് ക്യാമ്പിന്‍റ വികസനത്തിനു 49 കോടിയും എരുമേലിയുടെ വികസനത്തിന് എട്ടു കോടിയും വിനിയോഗിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് പമ്പയുടെ വികസനത്തിനായി 37 കോടിയുടെ പദ്ധതി നടപ്പാക്കി തുടങ്ങി. പമ്പാനദി സംരക്ഷിക്കുന്നതിന് കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്. അടുത്ത സീസണ് മുമ്പായി പദ്ധതി നടപ്പാക്കും. പമ്പയെ ശബരിമലയുടെ കവാടമായി പമ്പയെ വികസിപ്പിക്കുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.
മന്ത്രി ജി.സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്‍േറാ ആന്‍റണി എം.പി, രാജു എബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്വാഗതവും ബോര്‍ഡ് അംഗം കെ. രാഘവന്‍ നന്ദിയും പറഞ്ഞു.
ശബരിമല: ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മിക്കും
ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മിക്കുമെന്ന് സ്പെഷല്‍ പൊലീസ് ഓഫിസര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു. വടക്കെനട മുതല്‍ അയ്യപ്പഭക്തര്‍ വിരിവെക്കാറുള്ള പന്തല്‍, ബെയ്ലിപാലത്തിലേക്ക് പോകുന്ന റോഡ്, പാണ്ടിത്താവളം എന്നിവ ഉള്‍പ്പെടുത്തിയാണ് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പുതിയ ബാരിക്കേഡ് തീര്‍ക്കുന്നത്. വിരിവെക്കുന്ന ഷെഡില്‍ വളഞ്ഞ് പുളഞ്ഞ (സിഗ്സാഗ്) രീതിയില്‍ അഞ്ചുതട്ടായി തിരിച്ചു ഭക്തര്‍ക്ക് ക്യൂ നില്‍ക്കുന്നതിനുള്ള ബാരിക്കേഡുമുണ്ടാകും.
പതിനായിരക്കണക്കിനു അയ്യപ്പഭക്തന്മാര്‍ക്ക് ഈ ബാരിക്കേഡിലൂടെ വടക്കേനട വഴി എത്രയും വേഗം സന്നിധാനത്ത് ദര്‍ശനം നടത്തിപ്പോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പാണ്ടിത്താവളം മുതല്‍ മകരജ്യോതി ദര്‍ശിക്കാവുന്ന പ്രദേശങ്ങളില്‍നിന്ന് വരുന്ന ഭക്തരെയും ഈ ബാരിക്കേഡുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.