കോഴിക്കോട്: തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാന, ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും താൻ നേരിട്ട ക്രൂരതകൾ വിവരിച്ചുള്ള ഡയറിക്കുറിപ്പുകൾ പുറത്ത്. വീട്ടുകാർ ഉപദ്രവിക്കുന്നതിനെ കുറിച്ചും പട്ടിണിക്കിടുന്നതിനെ കുറിച്ചും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെ കുറിച്ചുമുള്ള വിവരങ്ങളാണ് കുറിപ്പുകളിൽ.
ഭർത്താവ് സജാദിനെ സെൻജു എന്നാണ് ഡയറിയിൽ ഷഹാന വിശേഷിപ്പിക്കുന്നത്. സജാദ് ഒരു കാരണവും ഇല്ലാതെ തന്നെ തല്ലുന്നതും ഭർതൃമാതാവ് ഒരു വീട്ടുജോലിക്കാരിയെ പോലെ തന്നെ കാണുന്നതുമെല്ലാം കുറിപ്പുകളിൽ പറയുന്നു.
'എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാന്‍ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടില്‍. എന്നിട്ട് സെന്‍ജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാന്‍ വെറും വേസ്റ്റ്. സെന്‍ജു പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. സെന്‍ജു ഞാന്‍ വിചാരിക്കും പോലെ ഒരാളല്ല' -ഡയറിക്കുറിപ്പിൽ പറയുന്നു. തന്നെ പട്ടിണിക്കിട്ടതിനെ കുറിച്ചും പറയുന്നുണ്ട്. ഷഹനയുടെ സഹോദരന്‍ ബിലാലിന് ചെറുവത്തൂരിലെ വീട്ടില്‍ നിന്നാണ് ഡയറി കിട്ടിയത്. ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
കോഴിക്കോട് പറമ്പിൽബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനലില്‍ ചെറിയ കയര്‍ ഉപയോഗിച്ച് ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടതായാണ് ഭർത്താവ് പറഞ്ഞത്. സജാദിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് സജാദിന്റെ മടിയിൽ കിടക്കുന്ന ഷഹാനയെയായിരുന്നു. മരണത്തിൽ ഏറെ ദുരൂഹതകൾ ഉണ്ടായിരുന്നു.
ഷഹാനയുടെ ഭർത്താവ് കക്കോടി സ്വദേശി സജ്ജാദിനെ (32) പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സജാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പ്രമുഖ ഭക്ഷണ വിതരണ കമ്പനിയുടെ ഏജന്റായി പ്രവർത്തിക്കുന്ന സജാദ് മയക്കുമരുന്നുകൾ വിൽപന നടത്തിയിരുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ സജാദിൽനിന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരിൽനിന്ന് തെളിവെടുത്തിട്ടുണ്ട്.
സജാദിനെതിരെ ഷഹാനയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. പീഡനത്തിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനിരുന്നതാണെന്നും സജാദും സുഹൃത്തുക്കളും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നുമാണ് സഹോദരൻ പറഞ്ഞത്. അതേസമയം മരിക്കുന്നതിന് അടുത്ത് ദിവസം ഷഹാനയുടെ ജന്മദിനമായിരുന്നു. ജന്മദിനം ആഘോഷിക്കണമെന്നും എല്ലവരും എത്തണമെന്നും പറഞ്ഞ കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇല്ലെന്നും ഉമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.