ഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടിയതിന്റെ സി.സി ടി.വി ദൃശ്യം

ഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടി; സി.സി ടി.വി ദൃശ്യം പുറത്ത്

പാലക്കാട്: ഷാജഹാനെ കൊലപ്പെടുത്തിയ ​ശേഷം പ്രതികൾ പാലക്കാട്ടെ ഒരു ഹോട്ടലിൽ ഒത്തുകൂടിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് മൂന്ന് സംഘങ്ങളായി ഒളിവിൽ പോയി. കൊലക്കുശേഷം പ്രതികൾ എത്തിയത് ചന്ദ്രനഗറിലെ ബാറിലായിരുന്നു. ഇവിടെനിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. 9.50 നാണ് പ്രതികളിലെ മൂന്നുപേർ ബാറിൽ എത്തിയത്. 10.20 വരെ ബാറിൽ തുടർന്നു. ബൈക്കിലാണ് പ്രതികളെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബാർ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

അതേസമയം, വധക്കേസിലെ എല്ലാ പ്രതികളും പൊലീസിന്‍റെ കസ്റ്റഡിയിലായി. ഒളിവിലായിരുന്ന ആറ് പ്രതികൾ ചൊവ്വാഴ്ച രാത്രിയോടെയാണ് പിടിയിലായത്. മലമ്പുഴ കവക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തേ പിടിയിലായിരുന്നു. ഇതോടെ കേസിൽ എട്ട് പ്രതികളും കസ്റ്റഡിയിലായി. പ്രതികളുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽനിന്ന് പിടിയിലായത്. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി. നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർഥിനെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിൽ എത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. ഷാജഹാനെ ആദ്യം വെട്ടിയത് ശബരീഷാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാതിരിക്കാൻ കാലിലാണ് വെട്ടിയത്. ശബരീഷും അനീഷും ചേർന്ന് വെട്ടുമ്പോൾ മറ്റുള്ളവർ ഷാജഹാന് ചുറ്റും ആയുധങ്ങളുമായി നിൽക്കുകയായിരുന്നു.

ഷാജഹാനെ കൊലപ്പെടുത്താൻ സംഘത്തിന് ആയുധങ്ങൾ എത്തിച്ചത് നവീനാണെന്ന് വ്യക്തമായി. നവീനും ഷാജഹാനും തമ്മിൽ ഏറെ നാളായി മോശം ബന്ധമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലാത്ത ചിലരെക്കൂടി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികളുടെ രാഷ്ട്രീയം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

2008ൽ ബി.ജെ.പി പ്രവർത്തകൻ ആറുചാമിയെ വെട്ടിക്കൊന്ന കേസിൽ ഷാജഹാനെ കോടതി ശിക്ഷിച്ചിരുന്നു. ഷാജഹാനെ വധിച്ച സംഘത്തിലുണ്ടായിരുന്ന ചിലർ ഒരു വർഷം മുൻപ് സി.പി.എമ്മുമായി അകലുകയും ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അഞ്ചാംപ്രതി സിദ്ധാർഥനാണ് ഇവരെ സംഘ്പരിവാർ പാളയത്തിൽ എത്തിച്ചതത്രെ. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നവീൻ ഇപ്പോഴും സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നും പറയുന്നു. അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ആർ.എസ്.എസ് ആണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിച്ചു. 

Tags:    
News Summary - Shajahan murder: accused gathered in the bar, CCTV footage is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.