പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷക കമീഷന് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലും ഡിവൈ.എസ്.പി ഓഫിസിലുമെത്തി വിവരങ്ങൾ ആരാഞ്ഞു. അഭിഭാഷക കമീഷന് ശ്രീരാജ് വള്ളിയോടാണ് പരിശോധനക്കെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്റെ മാതാവ് ദേവാനി, ആവാസിന്റെ മാതാവ് പുഷ്പ എന്നിവരുടെ പരാതിയിൽ പാലക്കാട് കോടതിയാണ് അഭിഭാഷക കമീഷനെ നിയോഗിച്ചത്. ആഗസ്റ്റ് 16നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങൾ പരാതിയിൽ പറയുന്നു. ഷാജഹാന് വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരല്ലാത്ത പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്നും ചിലരെ വിട്ടയച്ചുവെന്നും നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു.
ആഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാന് കൊല്ലപ്പെട്ടത്. കുന്നങ്കാട് ജങ്ഷനിൽ കടക്ക് മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരുസംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കുന്നങ്കാട് സ്വദേശികളായ വിഷ്ണു (22), എസ്. സുനീഷ് (23), എൻ. ശിവരാജൻ (32), കെ. സതീഷ് (സജീഷ് - 31), മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരിൽ ഏഴുപേരെ മലമ്പുഴ കവയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വനമേഖലയിൽനിന്ന് ഒരാളെ പൊള്ളാച്ചിയിൽനിന്നുമാണ് പിടികൂടിയത്. പ്രതികളെല്ലാം ബി.ജെ.പി-ആര്.എസ്.എസ് അനുഭാവികളാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സി.പി.എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.