പാലക്കാട്: സി.പി.എം. പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊട്ടേക്കാട് കുന്നംകാട് സ്വദേശികളായ ശബരീഷ് (28), അനീഷ് (29), കൊട്ടേക്കാട് കാളിപ്പാറ നയന ഹൗസിൽ നവീൻ (38), കൊട്ടേക്കാട് കുന്നംകാട് സ്വദേശി സുജീഷ് (28) എന്നിവരുടെ അറസ്റ്റാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
രാഷ്ട്രീയ കൊലപാതകമാണോ എന്ന കാര്യം പരിശോധിച്ചുവരുകയാണെന്ന് ജില്ല പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. 2019 മുതല്‍ പ്രതികള്‍ക്ക് ഷാജഹാനുമായി തര്‍ക്കങ്ങളുണ്ട്. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതോടെ തര്‍ക്കവും അകല്‍ച്ചയും കൂടി. പ്രതികൾ പിന്നീട് സി.പി.എമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. ഇതിനിടെ പ്രതികൾ രാഖി ധരിക്കുന്നതിലടക്കം ഷാജഹാൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊലപാതക ദിവസം ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിലും തർക്കമുണ്ടായി. ഇതേത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയ പ്രതികൾ തിരികെ വാളുകളുമായെത്തി ഷാജഹാനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ജില്ല പോലീസ് മേധാവി പറഞ്ഞു.
ഷാജഹാന്‍ കൊലക്കേസില്‍ ഇതുവരെ എട്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ നാലു പേരുടെ അറസ്റ്റാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വാളുകൾ മലമ്പുഴ കുനിപുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ബുധനാഴ്ച പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികളിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ ബുധനാഴ്ച കുന്നംകാട് ജങ്ഷഷനിലെത്തിച്ച് തെളിവെടുത്തു. ഷാജഹാനെ വെട്ടിവീഴ്ത്തിയ സ്ഥലമടക്കം സംഘം പൊലീസിന് കാണിച്ചുകൊടുത്തു. നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മൂന്നു പേർ നഗരത്തിലെ ബാറിൽ എത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. രാത്രി 10.20 വരെ ഇവർ ബാറിലുണ്ടായിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാജഹാന്‍റെ മരണകാരണം കാലിനും കഴുത്തിനുമേറ്റ ആഴത്തിലുള്ള വെട്ടുകളാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു. ശരീരത്തില്‍ പത്തു വെട്ടുകളാണുള്ളത്. ഇവയില്‍ രണ്ടു വെട്ടുകള്‍ ആഴത്തിലുള്ളതാണ്. ഇടതുകാലിനും ഇടത് കൈയിലുമാണ് വെട്ടേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച രാത്രി 9.30നാണ് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരിൽ ഏഴുപേരെ മലമ്പുഴ കവയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വനമേഖലയിൽ നിന്നാണ് പിടികൂടിയത്. കൃത്യത്തിന് ശേഷം പൊള്ളാച്ചിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് മുങ്ങിയ നവീനെ അവിടെ നിന്നും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.