പയ്യന്നൂർ: ‘‘സമയം വൈകീട്ട് 6.30 കഴിഞ്ഞിരുന്നു. നല്ല വേഗത്തിലായിരുന്നു ട്രെയിൻ ഓടിയത്. പെട്ടെന്നായിരുന്നു വലിയ ശബ്ദം. പിന്നീട് വണ്ടി നീങ്ങിയത് ട്രാക്ക് വിട്ട് ജില്ലിയിലൂടെ. ഒരു നിമിഷത്തിനകം ട്രെയിൻ മറിഞ്ഞു. ഒരു ഭാഗം മാത്രം ചരിഞ്ഞ് വീണതിനാലാണ് ജീവൻ തിരിച്ചു കിട്ടിയത്’’.
പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. സമീറയുടെ ഭർത്താവും പയ്യന്നൂർ എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലെ ചരിത്ര അധ്യാപകനുമായ വി. ഷംസുദ്ദീൻ ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലെ ഞെട്ടൽ മാറിയിരുന്നില്ല. വണ്ടിയിൽ ഉണ്ടായിരുന്ന ഷംസുദ്ദീനും ഭാര്യ സമീറ ടീച്ചറും മകൻ മുഹമ്മദ് സാദത്തുമാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. കോറമാണ്ഡൽ എക്സ്പ്രസ് ട്രെയിനിലെ ഡി. നാല് കോച്ചിലെ യാത്രക്കാരായിരുന്നു ഇവർ. ഏതാണ്ട് മധ്യഭാഗത്തായിരുന്നു ഈ കോച്ച്. സ്ലീപ്പർ, ജനറൽ കോച്ചുകൾ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നു. വൈകീട്ടായതിനാൽ ഭൂരിഭാഗവും ജോലി കഴിഞ്ഞ് വരുന്ന തൊഴിലാളികൾ. ഈ കോച്ചുകളായിരുന്നു തലകീഴായി മറിഞ്ഞത്.
മൂത്ത മകൻ മുസാഫിറിന് ജോലി ലഭിച്ചതിനെ തുടർന്ന് കുടുംബസമേതം ഒരാഴ്ച മുമ്പ് കൊൽക്കത്തയിൽ എത്തിയതായിരുന്നു. മകനെ അവിടെ ജോലിസ്ഥലത്താക്കി വെള്ളിയാഴ്ച കൊൽക്കത്തക്കടുത്തുള്ള സാന്ദ്രഗച്ചി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ചെന്നൈയിലേക്കുള്ള കോറമാണ്ഡലിൽ കയറിയത്. ട്രെയിൻ ബഹാനഗ ബസാർ സ്റ്റേഷന് സമീപത്തെത്തിയപ്പോഴായിരുന്നു അപകടം. ഇവിടെ ഈ വണ്ടിക്ക് സ്റ്റോപ്പുണ്ടായിരുന്നില്ല. അതു കൊണ്ട് വേഗത്തിൽ തന്നെയായിരുന്നു. ഇതിനിടയിലാണ് ട്രാക്ക് മാറിയുണ്ടായ ഗുഡ്സ് ട്രെയിനിൽ ഇടിക്കുന്നത്. അപകടം നടന്ന് 10 മിനിറ്റിനകമാണ് മൂന്നാമത്തെ വണ്ടിയെത്തി മറിഞ്ഞു കിടക്കുന്ന ബോഗികൾക്കുമുകളിൽ ഇടിച്ചു കയറിയത്. ശ്രദ്ധിച്ചാൽ മൂന്നാമത്തെ ട്രെയിൻ ഇടിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ഇവർ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ പാളം തെറ്റുകയും നിരവധി കോച്ചുകൾ അപകടത്തിൽപെടുകയും ചെയ്തതായി ഷംസുദ്ദീൻ മാസ്റ്റർ പറഞ്ഞു. അപകടത്തിൽപെട്ട് മറിഞ്ഞ ബോഗികൾ കുറെ ദൂരം മുന്നോട്ടു പോയി. അപകടത്തിലെ ദൃശ്യങ്ങൾ ഭയാനകമായിരുന്നു. നിരവധി പേർ മരിച്ചു കിടക്കുന്ന ദാരുണ ദൃശ്യം. പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. അവരോടൊപ്പം ഷംസുദ്ദീനും ചേർന്നു.
അപകട സ്ഥലത്തുനിന്ന് കാറിൽ ഭുവനേശ്വറിലേക്ക് പോയി അവിടെ നിന്ന് അപകടത്തിൽപെട്ട ട്രെയിനിലെ യാത്രക്കാർക്ക് ഏർപ്പാടാക്കിയ സ്പെഷൽ ട്രെയിനിൽ നാട്ടിലേക്ക് ഇവർ മടങ്ങി. പയ്യന്നൂരിലെ രാഷ്ട്രീയ,സാമൂഹിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് ടി.പി. സമീറയുടേത്. രാജ്യം കണ്ട വൻ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാടും കുടുംബാംഗങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.