മലപ്പുറം: അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചക്കിടെ പുതിയ വെളിപ്പെടുത്തൽ നടത്തിയ ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറും എം.എൽ.എയുമായ എൻ. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിൽ എം.എൽ.എമാരായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കുള്ള പങ്ക് ഷംസീറിനെ ചോദ്യം ചെയ്താൽ പുറത്തു വരും. ചാനൽ ചർച്ചയുടെ സീഡിയുമായി ഇൗ ആവശ്യം ഉന്നയിച്ച് സി.ബി.െഎയെ സമീപിക്കും. സി.പി.എമ്മിന് സംഭവത്തിൽ പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിതെന്നുമായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചർച്ചക്കിടെ നടത്തിയ വെളിപ്പെടുത്തലോടെ കൊല നടത്തിയ പ്രതികളെ കുറിച്ച കൃത്യമായ വിവരങ്ങൾ ഷംസീറിന് അറിയാമെന്ന് വ്യക്തമായിരിക്കുകയാണ്.
കൊല നടത്തുക മാത്രമല്ല, അതേറ്റെടുക്കുക എന്ന ഭീകര സംഘടനകളുടെ ശൈലി സി.പി.എം അനുകരിക്കാൻ തുടങ്ങിയതിെൻറ സൂചന കൂടിയാണിത്. ആരാച്ചാർ പാർട്ടിയായി മാറിയിരിക്കുകയാണ് അവർ. പാർട്ടി നടത്തുന്ന കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് സ്പെഷൽ ഫണ്ടെന്ന പേരിൽ പണം സ്വരൂപിക്കുന്നത്. തങ്ങളുടെ മേധാവിത്വം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന മനോഭാവമാണ് കൊലപാതക രാഷ്ട്രീയത്തിന് പിന്നിലെന്നും അതിന് പ്രത്യയശാസ്ത്രമൊന്നുമില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിനടുത്ത് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.