മൂന്നാര്‍: പെട്ടിമുടി ഉരുള്‍പൊട്ടല്‍ നടന്ന് 100ാംദിനം പിന്നിടുമ്പോഴും ഇനിയും കണ്ടെത്താനാകാത്ത മകെൻറ ഓര്‍മയുടെ നീറുന്ന വേദനയിലാണ് ഷണ്മുഖനാഥന്. തിരച്ചില്‍ അവസാനിപ്പിച്ച് ബാക്കിയുള്ള എല്ലാവരും മലയിറങ്ങിയെങ്കിലും ഇടക്കിടക്ക് പെട്ടമുട്ടിയിലെത്തി തിരച്ചില്‍ നടത്തുകയാണ് ഷണ്മുഖനാഥന്. ഇനിയും കണ്ടെത്താനാവാത്ത മകെൻറ മൃതദേഹമെങ്കിലും ഒരു നോക്കുകാണാനാവുമെന്ന് പ്രതീക്ഷയിലാണിത്.
സംഭവശേഷംസര്ക്കാര് നേതൃത്തിലെ തിരച്ചില്‍ നിര്‍ത്തിയെങ്കിലും ഷണ്മുഖനാഥന് സുഹൃത്തുക്കൾക്കും നാട്ടുകാരോടുമൊപ്പം മകന് ദിനേശ് കുമാറിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു. അപകടത്തിൽപെട്ട മറ്റൊരു മകന് നിധീഷ്കുമാറിെൻറ മൃതദേഹം 20 ദിവസത്തിനുശേഷം അപകടം നടന്ന സ്ഥലത്തുനിന്ന് മാറി പുഴയില്‍ കണ്ടെത്തിയിരുന്നു.
പെട്ടിമുടിയില്‍ താമസിക്കുന്ന ഷണ്മുഖനാഥെൻറ സഹോദരന് അനന്തശിവെൻറ മകളുടെ ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു അപകടം. ഷണ്‍മുഖനാഥനും കുടുംബവും മൂന്നാറിലെ ഇക്കാനഗറിലായിരുന്നു താമസിച്ചിരുന്നത്. പെട്ടിമുടിയില്‍നിന്ന് അടുത്ത ദിവസം മടങ്ങാനിരിക്കെയായിരുന്നു രാത്രി മലമുകളില്‍നിന്ന് ഒഴുകിയെത്തിയ ഉരുള്‍ ഇരുവരുടെയും ജീവന് കവർന്നത്.
ഇനിയും കണ്ടെത്താനുള്ള നാലുപേരെയും സര്‍ക്കാര്‍ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തെങ്കിലും ഷണ്മുഖനാഥന് മാത്രം മലയിറങ്ങാതെ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഐ.ഡി.സി.ബി ബാങ്ക് ജീവനക്കാരനായ ഷണ്മുഖനാഥന് മകനെ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.