തിരുവനന്തപുരം: ജനിച്ചത് മുതൽ പിതാവ് അധികാരത്തിലിരിക്കുന്നതാണ് അനിൽ കെ. ആന്റണി കാണുന്നതെന്നും 2022ൽ എ.കെ. ആന്റണി അധികാരമൊഴിഞ്ഞ ശേഷം മകൻ അധികാരമുള്ള പുതിയ ഇടത്തേക്ക് പോയതാണെന്നും മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ. അനിലിനെ തെറ്റ് പറയാനാവില്ല. തെറ്റ് പറയേണ്ടത് ചിലർക്ക് മാത്രം എന്നും അധികാരം നൽകിയ കോൺഗ്രസിനെയാണ് -അവർ വ്യക്തമാക്കി.
‘കോൺഗ്രസിന്റെ ഭാഗത്തും തെറ്റുണ്ട്...അനിൽ ആന്റണിയെ തെറ്റ് പറയാൻ പറ്റില്ല. അനിൽ ആന്റണി ജനിക്കുമ്പോൾ പിതാവ് രാജ്യസഭാ അംഗമാണ്(1985-91), പിന്നീട് 4 തവണയായി ആകെ 28 വർഷം രാജ്യസഭാ എം.പിയായി. ഇതിനിടെ പ്രതിപക്ഷനേതാവും രണ്ടുതവണ മുഖ്യമന്ത്രിയുമായി, ആകെ മൂന്ന് തവണയായി 6 വർഷം മുഖ്യമന്ത്രിയും 20 വർഷം എം.എൽ.എയും. ഒപ്പം എട്ടുവർഷക്കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും രണ്ടുവർഷം ഭക്ഷ്യ മന്ത്രിയുമായി. 2022ന് ശേഷം പിതാവ് അധികാരരാഷ്ട്രീയം ഒഴിയുമ്പോ അധികാരം മാത്രം കണ്ട് ശീലിച്ച മകൻ അധികാരമുള്ള പുതിയ ഇടത്തേക്ക് പോയാൽ അനിലിനെ തെറ്റ് പറയാനാവില്ല. തെറ്റ് പറയേണ്ടത് ചിലർക്ക് മാത്രം എന്നും അധികാരം നൽകിയ കോൺഗ്രസ്സിനെയാണ്’ -ഷീബ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി എന്ന പുതിയ പാർട്ടി രൂപവത്കരിച്ചപ്പോൾ ഒപ്പം നിൽകാതിരുന്ന പത്മജയെക്കുറിച്ചും ഷീബ ഓർമിപ്പിച്ചു. ‘പതിനായിരക്കണക്കിന് കോൺഗ്രസുകാർ അന്ന് ലീഡർക്കൊപ്പം നിന്നു. പക്ഷേ ലീഡറുടെ മകൾ പത്മജ വേണുഗോപാൽ അന്ന് ലീഡറുടെ ആ തീരുമാനത്തിനൊപ്പം നിന്നില്ല. ഞാൻ ഈ ലോകത്ത് ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്നത് എന്റെ അച്ഛനെയാണ്, പക്ഷേ ഞാൻ എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കുമെന്ന് അന്ന് പത്മജ വേണുഗോപാൽ പറഞ്ഞപ്പോൾ അത് വിപ്ലവകരമായ ഒരു നിലപാടായിരുന്നു... ഇത് അനിൽ ആന്റണിമാരുടെ പാർട്ടിയല്ല, പത്മജ വേണുഗോപാലിനേപ്പോലുള്ള പെൺമക്കളുടെയും കൂടി പാർട്ടിയാണ്..’ ഷീബ വ്യക്തമാക്കി.
നേരത്തെ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഷീബ രാമചന്ദ്രൻ റിയാദിലെ ഇന്ദിര പ്രിയദർശിനി വനിതാവേദിയുടെ ആദ്യകാല ഭാരവാഹിയും റിയാദിലെ മോഡേൺ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ സൂപ്പർവൈസറും വൈസ് പ്രിൻസിപ്പലുമായിരുന്നു. ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം 4080 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ ഭാഗത്തും തെറ്റുണ്ട്...അനിൽ ആന്റണിയെ തെറ്റ് പറയാൻ പറ്റില്ല.
അനിൽ ആന്റണി ജനിക്കുമ്പോൾ പിതാവ് രാജ്യസഭാ അംഗമാണ്(1985-91),പിന്നീട് 4 തവണയായി ആകെ 28 വർഷം രാജ്യസഭാ എം.പിയായി
ഇതിനിടെ പ്രതിപക്ഷനേതാവും 2 തവണ മുഖ്യമന്ത്രിയുമായി,ആകെ 3 തവണയായി 6 വർഷം മുഖ്യമന്ത്രിയും 20 വർഷം എം.എൽ.എയും
ഒപ്പം 8 വർഷക്കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും 2 വർഷം ഭക്ഷ്യ മന്ത്രിയുമായി
2022ന് ശേഷം പിതാവ് അധികാരരാഷ്ട്രീയം ഒഴിയുമ്പോ അധികാരം മാത്രം കണ്ട് ശീലിച്ച മകൻ അധികാരമുള്ള പുതിയ ഇടത്തേക്ക് പോയാൽ അനിലിനെ തെറ്റ് പറയാനാവില്ല.
തെറ്റ് പറയേണ്ടത് ചിലർക്ക് മാത്രം എന്നും അധികാരം നൽകിയ കോൺഗ്രസ്സിനെയാണ്.
എന്ന്....
എ.കെ. ആന്റണി യുടെ സുഹൃത്തും, കോൺഗ്രസ് പാർട്ടിക്കു വേണ്ടി സ്വന്തം തടിമില്ലിനോട് ചേർന്ന് സ്ഥലം സൗജന്യമായി കൊടുത്ത്,പാർട്ടി ഓഫീസ് നിർമ്മിച്ചു കൊടുത്ത് ,പാർട്ടിയിലെ സ്ഥാനമാനങ്ങൾ ഒന്നും ആഗ്രഹിക്കാതെ, നേടാൻ ശ്രമിക്കാതെ മരിച്ചു പോയ ഒരച്ഛന്റെ മകൾ.
--------------------
ലീഡർ മരിച്ചപ്പോൾ മാതൃഭൂമി പത്രത്തിലെ തലക്കെട്ട് "യുഗാന്ത്യം" എന്നായിരുന്നു. അതെ ലീഡറായിരുന്നു കോൺഗ്രസ്. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ലീഡർക്കൊപ്പം. നേതാക്കളും അണികളുമടക്കം കോൺഗ്രസ് പാർട്ടി പരിപൂർണ്ണമായി ലീഡർക്കൊപ്പം. ആ കാലഘട്ടത്തിലാണ് ലീഡർ പുതിയ പാർട്ടി രൂപീകരിക്കുന്നത്. പതിനായിരക്കണക്കിന് കോൺഗ്രസുക്കാർ അന്ന് ലീഡർക്കൊപ്പം നിന്നു.
പക്ഷേ, ലീഡറുടെ മകൾ പത്മജ വേണുഗോപാൽ അന്ന് ലീഡറുടെ ആ തീരുമാനത്തിനൊപ്പം നിന്നില്ല. ‘ഞാൻ ഈ ലോകത്ത് ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്നത് എന്റെ അച്ഛനെയാണ്, പക്ഷേ ഞാൻ എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കും’ എന്ന് അന്ന് പത്മജ വേണുഗോപാൽ പറഞ്ഞപ്പോൾ അത് വിപ്ലവകരമായ ഒരു നിലപാടായിരുന്നു. ഞാൻ കോൺഗ്രസിനൊപ്പമാണ് എന്ന് പത്മജ വേണുഗോപാൽ അന്ന് ലീഡറോട് പറഞ്ഞപ്പോൾ അന്ന് മാത്രമല്ല ഇന്ന് ചിന്തിക്കുമ്പോഴും പലർക്കും ചിന്തിക്കാൻപോലും പറ്റാത്ത വിപ്ലവകരമായ ഉറച്ച നിലപാടാണത്.. ഇത് അനിൽ ആന്റണിമാരുടെ പാർട്ടിയല്ല. കോൺഗ്രസ് പത്മജ വേണുഗോപാലിനേപ്പോലുള്ള പെൺമക്കളുടെയും കൂടി പാർട്ടിയാണ്....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.