കോഴിക്കോട്: തൂണേരി വെള്ളൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിൻ വധക്കേസ് പ്രതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ചൊവ്വാഴ്ച ഹൈകോടതിയിൽ ഹാജരാക്കണമെന്ന കോടതി നിർദേശത്തെതുടർന്ന് വിചാരണ കോടതിയായ കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ കീഴടങ്ങാൻ നാട്ടിലെത്തിയ പ്രതികളെ പൊലീസ് നേരത്തേ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു.
ഏഴു പ്രതികൾക്കെതിരെയായിരുന്നു ലുക്കൗട്ട് നോട്ടീസ്. ഒന്നാംപ്രതി തെയ്യമ്പാടി മീത്തലെ പനച്ചിക്കണ്ടി ഇസ്മായിൽ, രണ്ടാംപ്രതി തെയ്യമ്പാടി മുനീർ, മൂന്നാംപ്രതി വാരങ്കണ്ടി താഴെക്കുനി സിദ്ധീഖ്, നാലാംപ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതാഴെക്കുനി ഷുഹൈബ്, 15, 16 പ്രതികളായ കൊച്ചന്റവിട ജാസിം, കടയംകോട്ടുമ്മൽ അബ്ദുസമദ് എന്നിവരെയാണ് ഹൈകോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇവരെ അറസ്റ്റുചെയ്ത് വിചാരണ കോടതിയിൽ ഹാജരാക്കാനാണ് നാദാപുരം പൊലീസിന് ലഭിച്ച ഉത്തരവ്. ഹൈകോടതി ഉത്തരവ് ലഭിച്ചതോടെയാണ് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളെല്ലാം വിദേശത്താണ്. ഇതിന്റെ ഭാഗമായി ഇവരുടെ പാസ്പോർട്ട് നമ്പർ ശേഖരിച്ച് വിമാനത്താവളങ്ങൾക്ക് കൈമാറിയിരുന്നു. ഖത്തറിൽനിന്ന് എത്തിയ രണ്ട്, ആറ്, 15,16 പ്രതികളെയാണ് അറസ്റ്റുചെയ്തത്. ദുബൈയിൽനിന്ന് രണ്ട് പ്രതികൾകൂടി രാത്രി വൈകി എത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.