കൊല്ലം: രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ ചോദ്യം ചെയ്തയാൾ ഇപ്പോൾ പിണറായി വിജയന്‍റെ പൊളിറ്റിക്കൽ ഡി.എൻ.എ തന്നെ ചോദ്യം ചെയ്യുന്നുവെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇടത് രാഷ്ട്രീയത്തിൽ പിണറായിക്ക് എന്ത് റോളുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. ഇതെല്ലാം പിണറായി തന്നെ സൃഷ്ടിച്ചതാണ്. പിണറായിയുടെ ഇടത് രാഷ്ട്രീയത്തിന്‍റെ ഡി.എൻ.എയാണ് ചോദ്യം ചെയ്യപ്പെട്ടതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
റഷ്യയിൽ വ്ലാഡിമർ പുടിൻ സൃഷ്ടിച്ച യെഗേനി പ്രിഗോസിന്‍റെ കൂലിപ്പട പുടിനെതിരെ തന്നെ തിരിഞ്ഞത് എല്ലാവരും കണ്ടതാണ്. പിണറായി വിജയന്‍റെ യെഗേനി പ്രിഗോസിൻ ആയിരുന്നു പി.വി. അൻവർ. എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംസ്കാരം വളർത്താൻ ഒപ്പം നിന്നവർ ഇപ്പോൾ തിരിഞ്ഞു കുത്തുകയാണ്. ഇപ്പോൾ ഒരു കാര്യം മാത്രമാണ് നമ്മുടെ മുമ്പിൽ അവശേഷിക്കുന്നത്. ഒരു സുപ്രഭാതത്തിൽ പ്രിഗോസിന്‍റെ കൂലിപ്പട റഷ്യക്കെതിരെ തിരിയുകയും ചെയ്തു.
ഇന്ത്യയിൽ എവിടെയും ഇത്തരത്തിലുള്ള പുറന്ന കലാപം കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്ന് സഹയാത്രികരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി അറിയില്ല. യു.ഡി.എഫ് മുൻകാലങ്ങളിൽ ഉന്നയിച്ച കാര്യങ്ങളാണ് അൻവർ ഇപ്പോൾ പറയുന്നത്. ബി.ജെ.പയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് മാസങ്ങളായി പറയുകയാണ്. ഭരണകക്ഷിയുടെ ഭാഗത്ത് നിന്ന് പിണറായിയുടെ വിശ്വസ്തനായ ചാവേർ പൊളിറ്റിക്കൽ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് വിഷയങ്ങൾക്ക് മറ്റൊരു മാനം നൽകിയത്.
കഴിഞ്ഞ ഒരു മാസക്കാലമായി ഇതാണ് കാണുന്നത്. ചാനൽ ചർച്ചക്ക് പോലും സി.പി.എം പ്രതിനിധി വരാൻ സാധിക്കാത്ത നിലയിലേക്ക് നിശബ്ദമായി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റപ്പെട്ട നിലയിലാണ് പിണറായി വിജയന് സംരക്ഷണ കവചം തീർക്കുന്നത്. ഇതിനെക്കാളും കൂടുതൽ സംരക്ഷണ കവചം പിണറായിക്ക് തീർക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിക്കാരാണ്. പിണറായി സർക്കാറിനെതിരെ അന്തിമ പോരാട്ടത്തിനുള്ള സമയമായെന്നും ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.