ഉള്ളം കരഞ്ഞ് ഷിഫിനയെത്തി;  ആസ്വാദകരെ ചിരിപ്പിക്കാന്‍

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ഇന്ന് ചിരിയുടെ അമിട്ടുപൊട്ടിക്കാന്‍ വേദന കടിച്ചമര്‍ത്തി ഇന്നലെ രാത്രി തന്നെ ഷിഫിനയത്തെി. ഒരു വര്‍ഷം മുമ്പ് ആശുപത്രിക്കിടക്കയില്‍നിന്ന് യൂറിന്‍ ട്യൂബും വഹിച്ച് മിമിക്രി വേദിയിലത്തെി വിജയം കൊയ്ത പട്ടം ജി.എം.എച്ച്.എസ്.എസിലെ ഷിഫിന മറിയമെന്ന കൊച്ചുമിടുക്കിയെ ഓര്‍മയില്ളേ? അന്നത്തെ രോഗം വിട്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാനാവാത്ത അപൂര്‍വരോഗത്തിനുകൂടി ഇരയായ ഈ മിടുക്കി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നാണ് ഇന്നലെ കണ്ണൂരിലേക്ക് വണ്ടികയറിയത്. 

ദ്രവരൂപത്തിലാണ് ഇപ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുന്നത്. തുടര്‍ച്ചയായ ഛര്‍ദിയും ഭാരക്കുറവുംമൂലം, കലോത്സവത്തില്‍ പങ്കെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പലരും വിലക്കിയെങ്കിലും കലയോടുള്ള അഭിനിവേശം കാരണം ഷിഫിന പിന്‍വലിഞ്ഞില്ല. പോത്തന്‍കോട് ബിസ്മി മന്‍സിലില്‍ ഷാഹിനയുടെ മകളായ ഷിഫിന കാഴ്ചശക്തിയില്ലാതെയാണ് ജീവിതത്തിലേക്ക് പിച്ചവെച്ച് തുടങ്ങിയത്. തുടര്‍ന്ന്, മൂത്രമൊഴിക്കാനുള്ള സ്വാഭാവിക കഴിവ് നഷ്ടപ്പെടുന്ന ഫൗളെ സിന്‍ഡ്രോം അറ്റോണിക് ബ്ളാഡര്‍ എന്ന രോഗത്തിനും ഭക്ഷണം കഴിക്കാനാവാത്ത അപൂര്‍വ രോഗത്തിനും അടിമയായി. 

എന്നാല്‍, രോഗങ്ങള്‍ക്കും ജീവിത പ്രാരബ്ദങ്ങള്‍ക്കും മുന്നില്‍ കീഴടങ്ങാന്‍ തയാറല്ലാത്ത ഈ കൊച്ചുമിടുക്കി യൂറിന്‍ട്യൂബ് ശരീരത്തില്‍ ചുറ്റി രണ്ടുവര്‍ഷവും മിമിക്രിയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനമാണ് സ്വന്തമാക്കിയത്. ഇന്ന് രാവിലെ ഒമ്പതിന് മൂന്നാമത്തെ വേദിയായ ‘കബനി’യില്‍ എച്ച്.എസ് വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തിലാണ് ഷിഫിന മാറ്റുരക്കുക. ഇത് കഴിഞ്ഞശേഷം തുടര്‍ചികിത്സക്കായി മാതാവ് ഷാഹിനയോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വണ്ടികയറും.

Tags:    
News Summary - shifina in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.