മട്ടാഞ്ചേരി: പുറംകടലിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ തെളിവെടുപ്പ് തുടങ്ങി. തീരത്തുനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ് ആംബർ എന്ന കപ്പൽ. തുറമുഖ വകുപ്പ്, മർക്കൻറയിൽ മറൈൻ വകുപ്പ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് തുടങ്ങിയവയുടെ 15 അംഗ സംഘമാണ് തിങ്കളാഴ്ച രാവിലെ 9.30ഒാടെ പരിശോധനക്ക് തിരിച്ചത്.
ആംബർ എൽ തന്നെയാണോ ബോട്ടിലിടിച്ചതെന്ന് സ്ഥിരീകരിക്കാൻ വോയേജ് ഡാറ്റാ റെക്കോഡ് പരിശോധനയാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. കപ്പലിെൻറ വേഗവും ദിശയും അപകടം നടന്ന സാഹചര്യമുൾപ്പെടെ റെക്കോഡ് ചെയ്യപ്പെടും. കപ്പലിൽ കണ്ട പാടുകൾ പരിശോധിച്ചതിൽ ഇതു തന്നെയാണ് ഇടിച്ച കപ്പൽ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് തൊഴിലാളികൾ ദൃക്സാക്ഷികളാണെങ്കിലും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. കപ്പൽ അപകടമുണ്ടായത് 12 നോട്ടിക്കൽ മൈലിന് പുറത്താണോ ഉള്ളിലാണോ എന്നും പരിശോധിക്കുന്നുണ്ട്. 12 നോട്ടിക്കൽ മൈലിനപ്പുറത്താണെങ്കിൽ സംഭവം കേരളത്തിെൻറ അതിർത്തിക്കപ്പുറമാവും.
ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും കപ്പൽ ജീവനക്കാർക്കെതിരായ മറ്റു നടപടികളിലേക്ക് കടക്കുക. തിങ്കളാഴ്ച പരിശോധനക്ക് പുറപ്പെട്ട ഉദ്യോഗസ്ഥസംഘം രാത്രി വൈകിയും കപ്പലിൽ പരിശോധന തുടരുകയാണ്. ക്യാപ്റ്റൻ ഷാഗി എബ്രഹാം, ക്യാപ്റ്റൻ സുരേഷ് നായർ, ക്യാപ്റ്റൻ സി.കെ. കിരൺ, ഇമിഗ്രേഷൻ ഓഫിസർ സി.കെ. ഡിനിക്ക്, കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡൻറ് ജോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.