ശാസ്ത്ര വിരുദ്ധതയുടെ തേരോട്ടം തടയാൻ അണിനിരക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത്​

തൃശൂർ: ഡൽഹിയിൽ സംഘ്പരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ രചിച്ച്​ തുടങ്ങിയ ശാസ്ത്ര വിരുദ്ധതയുടെ പുത്തൻ ഭാഷ്യങ്ങളുടെ കേരള പതിപ്പ്​ രൂപപ്പെടുത്താൻ ആരും തുനിഞ്ഞിറങ്ങരുതെന്ന്​ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്​ സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.

പുരാണ കഥാപാത്രങ്ങളെയും സാങ്കൽപിക ദൈവ രൂപങ്ങളെയും അവർ ഉപയോഗിച്ചതായി വിവരിക്കപ്പെടുന്ന ഉപകരണങ്ങളെയും പ്ലാസ്റ്റിക് സർജറി, ടെസ്റ്റ്​ ട്യൂബ് ശിശു, വിമാനം, മിസൈൽ തുടങ്ങിയ ശാസ്ത്ര നേട്ടങ്ങളോടും സാങ്കേതിക വിദ്യാ ഫലങ്ങളോടും സമീകരിച്ച്​ പുതിയ വ്യാഖ്യാനങ്ങൾ ചമക്കുകയാണ്​. ശാസ്ത്ര കോൺഗ്രസ് പോലുള്ള അക്കാദമിക വേദികൾ പോലും ഇതിന്​ ഉപയോഗിച്ചു. സംഘ്പരിവാ ർ അധികാരത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ശാസ്ത്ര ബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുന്നവർക്കെതിരെ തുടങ്ങിയ കായികാക്രമണത്തിന്‍റെ രക്തസാക്ഷികളാണ്​ നരേന്ദ്ര ധബോൽക്കറും എം.എം. കൽബുർഗിയും ഗൗരി ലങ്കേഷും.

അധികാരം കിട്ടിയ ശേഷം അശാസ്ത്രീയതയെ പൊതുബോധത്തിൽ ഉറപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്​. ദേശീയ വിദ്യാഭ്യാസ നയം ഇതിന്‍റെ ഭാഗമാണ്​. കോവിഡ് കാലത്തെ പാഠപുസ്തകങ്ങളുടെ പുന:ക്രമീകരണം തങ്ങളു ടെ വിജ്ഞാന വിരോധത്തിന്​ ഉപയോഗിച്ചു. ഇതെല്ലാം കേവലം വിശ്വാസ സംരക്ഷണത്തിന്​ വേണ്ടിയല്ലെന്നും ജനങ്ങളുടെ യുക്തിചിന്ത ശേഷിയേയും ശാസ്ത്ര ബോധത്തേയും തകർക്കാനാണെന്നും വ്യക്തമാണ്​.

കേരളം നേടിയ നേട്ടങ്ങളെ തകർക്കാനും സംസ്ഥാനത്തെ വർഗീയ ഫാഷിസ്റ്റുകളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുമുള്ള എളുപ്പ വഴി യുക്തി ചിന്തയെയും ശാസ്ത്ര ബോധത്തേയും തകർക്കുയാണെന്ന് സംഘപരിവാർ മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്‍റെ പുതിയ ഉദാഹരണമാണ് നിയമസഭ സ്പീക്കറുടെ പ്രസംഗത്തെച്ചൊല്ലിയുള്ള വിവാദം. സ്പീക്കർ വസ്തുനിഷ്ഠവും ശാസ്ത്രീയവും ഭരണഘടനാപരവുമായ അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് ആധുനിക വിദ്യാഭ്യാസം നേടിയവർ സമ്മതിക്കും. സ്പീക്ക‍ർ ജനിച്ച മതം പോലും വിവാദത്തിന് പ്രകോപനമായിട്ടുണ്ടെങ്കിൽ അത് കൂടുതൽ അപകടകരമായ സാമൂഹിക വിഭജനത്തിലേക്ക്​ കേരളത്തെ നയിക്കും. ഇത്തരം വർഗീയ ചേരിതിരിവിന് നേതൃത്വം കൊടുക്കുന്നത് ഒരുകാലത്ത് കേരളത്തിന്‍റെ സാമൂഹിക നവോത്ഥാന പ്രക്രിയയിൽ പങ്ക്​ വഹിച്ചവരുടെ പിന്മുറക്കാരെന്ന്​ അവകാശപ്പെടുന്നവരാണ്​ എന്നത് കൂടുതൽ

ഭയാനകമാണ്. ശാസ്ത്രത്തേക്കാൾ പ്രധാനം വിശ്വാസമാണ് എന്ന പ്രഖ്യാപനം കേരളത്തെ നവോത്ഥാനത്തിന്​ മുമ്പുള്ള കാലത്തേക്ക് മടക്കിക്കൊണ്ടുപോകാനേ വഴിവെക്കൂ. ശാസ്ത്ര വിരുദ്ധതയുടെ തേരോട്ടം തടയാൻ കേരളീയർ ഒന്നിച്ച്​ അണിനിരക്കണമെന്നും പരിഷത്ത്​ സംസ്ഥാന പ്രസിഡന്‍റ്​ ബി. രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Should mobilize to stop the anti-science campaign -Shastra Sahitya Parishad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.