ഇടമലയാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിർദേശം

എറണാകുളം: ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി രണ്ട് ഷട്ടറുകൾ നാളെ (19/10/21) തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം. രാവിലെ ആറു മണിക്ക് 80 സെ.മീ വീതമാണ് ഷട്ടറുകൾ ഉയർത്തുക. 100 ക്യൂബിക് മീറ്റർ / സെക്കന്‍റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഷട്ടറുകൾ തുറക്കുന്നത് കൊണ്ട് കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.

ഇടമലയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ല. തുലാവർഷത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് നടപടി. ഇതിന് പുറമെ ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി കൂടിയാണ് ഇടമലയാറിലെ അധികജലം ഒഴുക്കി നിരപ്പ് ക്രമീകരിച്ചു നിർത്തുന്നത്.

ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്‍റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്‍റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെങ്കിലും, ഇടുക്കി ഡാമിന്‍റെ ഷട്ടർ തുറക്കാൻ ഇടയുള്ളതിനാൽ, രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ ക്രമീകരണം.

പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് 100 ക്യുബിക്ക് മീറ്റർ/സെക്കന്‍റ് മാത്രമായതിനാൽ പെരിയാറിൽ ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു.

അണക്കെട്ടിൽ നിന്നും വെള്ളമൊഴുക്കുന്നതിന് മുന്നോടിയായി ബാധിത പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്‍റ് നടത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കേണ്ടവർക്കായി ക്യാമ്പുകളും സജ്ജമാണ്. ഇതു സംബന്ധിച്ച വിവരങ്ങൾക്കായി വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടുക. ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകളും ആവശ്യമായ മാർഗ നിർദേശം നൽകുമെന്നും ജില്ലാ അധികൃതർ അറിയിച്ചു.

ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ:

  • എമർജൻസി ഓപ്പറേഷൻസ് സെൻറർ - 1077 (ടോൾ ഫ്രീ നമ്പർ)
  • ലാൻഡ് ഫോൺ - 0484- 2423513
  • മൊബൈൽ - 9400021077

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ:

  • ആലുവ - 0484 2624052
  • കണയന്നൂർ - 0484 - 2360704
  • കൊച്ചി- 0484- 2215559
  • കോതമംഗലം - 0485- 2860468
  • കുന്നത്തുനാട് - 0484- 2522224
  • മുവാറ്റുപുഴ - 0485- 2813773
  • പറവൂർ - 0484- 2972817
Tags:    
News Summary - Shutters of Idamalayar Dam to be opened tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.