തിരൂർ: ഹോട്ടൽ വ്യാപാരിയായ തിരൂർ ഏഴൂർ സ്വദേശിയായ മേച്ചേരി വീട്ടിൽ സിദ്ദീഖിന്റെ കൊലപാതക കേസിൽ വഴിത്തിരിവായത് കുടുംബത്തിന്റെ സംശയങ്ങളും. മേയ് 18ന് തിരൂരിൽനിന്ന് തിരിച്ച സിദ്ദീഖ് കോഴിക്കോട്ടെ ഒളവണ്ണയിലെ തന്റെ ഹോട്ടലിലെത്തി അതുവരെയുള്ള ശമ്പളം കൊടുത്ത് ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. സിദ്ദീഖിന്റെ ഏഴൂരിലുണ്ടായിരുന്ന ഹോട്ടലിലും നേരത്തേ ഷിബിലി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഏഴൂരിലുള്ള ഹോട്ടൽ പൂട്ടുകയായിരുന്നു.
മേയ് 18ന് ഹോട്ടൽ ജീവനക്കാരൻ വിളിച്ചപ്പോൾ താൻ വടകരയിലാണെന്ന് പറഞ്ഞ സിദ്ദീഖ് ഹോട്ടലിലേക്കുള്ള സാധനങ്ങൾ വാങ്ങാനും ജീവനക്കാരോട് പറഞ്ഞു. സിദ്ദീഖിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മേയ് 21ന് തിരൂർ പൊലീസിൽ മകൻ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായി മകൻ പൊലീസിനെ അറിയിച്ചത്.
പൊലീസ് അന്വേഷണത്തിൽ കോഴിക്കോട്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ബാങ്കുകളിലെ എ.ടി.എമ്മിൽനിന്ന് സിദ്ദീഖിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായും മനസ്സിലായി. ഇത് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുകയും ചെയ്തു.
തുടർന്ന് സിദ്ദീഖിന്റെ ഫോൺ ലൊക്കേഷൻ തേടിയുള്ള അന്വേഷണമെത്തിയത് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ്. എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെ കേസിൽ നിർണായക തെളിവ് ലഭിച്ചു. മേയ് 18ന് സിദ്ദീഖുൾപ്പെടെ മൂന്നുപേർ ഹോട്ടലിൽ രണ്ട് റൂമെടുത്തതും 19ന് രണ്ടുപേർ രണ്ട് ട്രോളി ബാഗുമായി കാറിൽ തിരിച്ചുപോവുന്നതും പൊലീസ് കണ്ടെത്തി.
പിന്നീട് ഈ കാർ ചെറുതിരുത്തിയിൽ കണ്ടെത്തി. തുടർന്ന് ഷിബിലിയെയും ഫർഹാനയെയും എഗ്മോറിൽവെച്ച് പൊലീസിന്റെ നിർദേശപ്രകാരം ആർ.പി.എഫ് പിടികൂടുകയും പിന്നാലെ ആശിഖിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്ത് നിരവധി സ്ഥാപനങ്ങൾ നടത്തിയിരുന്ന സിദ്ദീഖ് 2017ലാണ് ഒളവണ്ണയിൽ സ്വന്തമായി വാങ്ങിയ കെട്ടിടത്തിൽ ഹോട്ടൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.