അഗളി: ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ പ്രതികളെയെത്തിച്ച് പൊലീസ് തെളിവെടുത്തു. ചുരത്തിലെ കാട്ടില്‍നിന്ന് സിദ്ദീഖിന്റെ ഫോണ്‍ കണ്ടെടുത്തു. ചുരത്തില്‍ രണ്ടിടങ്ങളില്‍നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് അന്വേഷണസംഘം പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ തെളിവെടുപ്പിനായെത്തിച്ചത്. എട്ടാം വളവിനടുത്ത് കാട്ടിലാണ് സിദ്ദീഖിന്റെ ഫോണും ആധാര്‍ കാര്‍ഡും ഉപേക്ഷിച്ചിരുന്നത്. ഷിബിലി കാണിച്ച പ്രകാരം പൊലീസ് ഇവിടെ തിരച്ചില്‍ നടത്തുകയും ഫോണ്‍ കണ്ടെടുക്കുകയുമായിരുന്നു. ആധാർ കാര്‍ഡ് കണ്ടെടുക്കാനായില്ല. തുടര്‍ന്നാണ് മൃതദേഹം ഉപേക്ഷിച്ച ഒമ്പതാം വളവിലെത്തിയത്.
ആദ്യം ഷിബിലിയെയാണ് വാഹനത്തില്‍നിന്ന് ഇറക്കിയത്. കൊക്കയിലേക്ക് ട്രോളി ബാഗുകള്‍ ഉപേക്ഷിച്ച രീതി ഇയാൾ വിശദീകരിച്ചു. ബാഗുകൾ കൊക്കയിലേക്ക് തള്ളുന്ന സമയത്ത് ഇതുവഴി യാത്രക്കാർ ആരും വന്നില്ലെന്ന് ഷിബിലി പറഞ്ഞു. തുടർന്ന് ഫര്‍ഹാനയെയും സ്ഥലത്തിറക്കി തെളിവെടുത്തു. കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന മൃതദേഹം നിറച്ച ബാഗ് പുറത്തേക്ക് താന്‍ തള്ളിക്കൊടുത്തെന്നും എന്നാൽ, കാറില്‍നിന്ന് ഇറങ്ങിയിരുന്നില്ലെന്നും ഫര്‍ഹാന പറഞ്ഞു.
ഒരു ഭാവഭേദവുമില്ലാതെയാണ് പ്രതികള്‍ പൊലീസിനോട് സംഭവം വിശദീകരിച്ചത്. തിരൂര്‍ ഡിവൈ.എസ്.പി കെ.എം. ബിജു, സി.ഐ എം.ജെ. ജീജോ, അഗളി എ.എസ്.ഐ സി.എം. കൃഷ്ണദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ നിധീഷ്, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.