തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനിൽ ഗണ്യമായ കുറവ് വന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വിളിച്ച അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു പരാമർശം. 2005ൽ ജനിച്ചവരാണ് 18 വയസ്സ് പൂർത്തിയായി ഈ ഘട്ടത്തിൽ വോട്ടർപട്ടികയിൽ പ്രവേശിക്കേണ്ടത്. 2005ൽ കേരളത്തിലെ ജനനനിരക്ക് അഞ്ചു ലക്ഷത്തോളമാണ്. ഇതുവരെ പട്ടികയിൽ പേര് ചേർത്ത പുതിയ വോട്ടർമാർ ഒന്നേകാൾ ലക്ഷത്തോളം മാത്രം. ഈ വിടവ് നികത്താനുള്ള ഇടപെടലാണ് തെരഞ്ഞെടുപ്പ് കമീഷൻ ആലോചിക്കുന്നത്.
പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായി നവംബറിലെ അവസാന ശനി, ഞായർ ദിവസങ്ങളും (25,26) ഡിസംബറിലെ ആദ്യ ശനിയും ഞായറും (രണ്ട്, മൂന്ന് ) പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചു. ഈ തീയതികളിൽ അവധി ദിനങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിലും താലൂക്ക് ഓഫിസുകളിലെ ഇലക്ഷൻ വിഭാഗം പ്രവർത്തിക്കണമെന്നാണ് നിർദേശം. ഈ ദിവസങ്ങളിൽ രാഷ്ടീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാർ എത്തണം. ജനുവരി അഞ്ചിന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടർ പട്ടികയിൽ പേര് ചേർക്കലിന് കോളജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബുകളെ (ഇ.എൽ.സി) ഉപയോഗപ്പെടുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് കമീഷൻ വ്യക്തമാക്കി. മരിച്ചവരുടെ പേരുകൾ ഇപ്പോഴും പട്ടികയിലുണ്ടെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇത്തരം പേരുകൾ ഒഴിവാക്കിയെന്നും ഇനിയും പരാതികളുണ്ടെങ്കിൽ പരിശോധിക്കാമെന്നായിരുന്നു കമീഷന്‍റെ മറുപടി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വോട്ടർ ഐഡി വിവാദവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
അഡ്വ.വി. ജോയ് (സി.പി.എം), അഡ്വ. ജോബ് മൈക്കിൾ (കേരള കോൺഗ്രസ്), എൻ. ശക്തൻ, എം.കെ. റഹ്മാൻ (കോൺഗ്രസ്), എൻ. രാജൻ (സി.പി.ഐ) അഡ്വ. മുഹമ്മദ് ഷാ (മുസ്ലിം ലീഗ്), കെ. ജയകുമാർ (ആർ.എസ്.പി), പി. കമലാസനൻ (ബി.എസ്.പി), അഡ്വ. ജെ.ആർ. പത്മകുമാർ, അഡ്വ.പി. സുധീർ (ബി.ജെ.പി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.