തിരുവനന്തപുരം: ജനകീയ പ്രതിരോധസമിതിയുടെ സിൽവർ ലൈൻ ബദൽ സംവാദത്തിൽ കെ- റെയിൽ കോർപറേഷൻ പങ്കെടുക്കില്ല. വേണ്ടത് ബദൽ സംവാദമല്ല, തുടർ സംവാദങ്ങളാണെന്ന് കെ- റെയിൽ അറിയിച്ചു. ബുധനാഴ്ചയാണ് ബദൽ സംവാദം. സംവാദത്തിന് വീണ്ടും ക്ഷണിച്ച ജനകീയ പ്രതിരോധസമിതി നേതാക്കൾ കെ- റെയിലിനുവേണ്ടി ഇരിപ്പിടം ഒഴിച്ചിടുമെന്ന് അറിയിച്ചു.
സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്ന് കെ- റെയിൽ പ്രതികരിച്ചു. പിന്മാറിയ പാനലിസ്റ്റുകൾ നേരത്തേ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയുമാണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ല. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ പരമ്പരതന്നെ കെ- റെയിലും സംസ്ഥാന സർക്കാറും നടത്തും. അതിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അലോക് കുമാർ വർമയും പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണനും പിൻവാങ്ങിയെങ്കിലും കെ- റെയിൽ സംഘടിപ്പിച്ച സംവാദം ആശയ സമ്പന്നതയാൽ വിജയകരമായിരുന്നു. ഈ സന്ദർഭത്തിൽ ഇനി ബദൽ ചർച്ചകളല്ല തുടർ ചർച്ചകളാണ് വേണ്ടത്. അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും ക്ഷണം സ്വീകരിച്ചശേഷം നിസ്സാര കാരണങ്ങളാൽ പിന്മാറുകയായിരുന്നെന്ന് കെ- റെയിൽ പറയുന്നു. കെ- റെയിൽ സംവാദത്തിൽനിന്ന് ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വിവാദമായത്. ജോസഫ് സി. മാത്യു, അലോക് വർമ, ശ്രീധർ രാധാകൃഷ്ണൻ എന്നിവർ ബദൽ സംവാദത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെയും സംഘാടകർ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.