തിരുവനന്തപുരം: ഒരാള്‍ക്ക് സ്ഥാനം കിട്ടിയില്ലെന്ന് കരുതി സ്ഥാനം കിട്ടിയവരെല്ലാം മോശമായ വഴിയിലൂടെയാണ് വന്നതെന്ന് പറയുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എത്രയോ സ്ഥാനങ്ങള്‍ കിട്ടിയ ഒരാളാണ് ഇതൊക്കെ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിമി റോസ്ബെൽ ജോണിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ഒരു വനിതയുടെ ആരോപണം പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അപമാനകരമാണ്. അത് അവര്‍ ചെയ്യരുതായിരുന്നു. അവരും കോണ്‍ഗ്രസില്‍ ഉള്ള ആളല്ലേ? സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണത്. കെ.വി തോമസിനെ എം.പിയാക്കിയപ്പോഴും ഹൈബി ഈഡനെ എം.പി ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നെന്നാണ് അവര്‍ പറഞ്ഞത്. ടി.ജെ വിനോദിനെ എം.എല്‍.എ ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നെന്നാണ് പറഞ്ഞത്. അന്നൊന്നും ഇത് തീരുമാനിക്കുന്ന ആളായിരുന്നില്ല ഞാന്‍. ഞാന്‍ പ്രതിപക്ഷ നേതാവായിട്ട് മൂന്ന് വര്‍ഷമെ ആയുള്ളൂ. അവര്‍ അതിന് മുന്‍പെ നിരവധി സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. ജില്ലാ കൗണ്‍സിലിലും കോര്‍പറേഷനിലും അസംബ്ലിയിലും അവര്‍ മത്സരിച്ചുവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഒരു സ്ത്രീയും പി.എസ്.സി അംഗമായിട്ടില്ല. അതും അവര്‍ക്ക് നല്‍കി. അത്ര വലിയ സ്ഥാനങ്ങളാണ് പാര്‍ട്ടി നല്‍കിയത്. തൃക്കാക്കര സീറ്റും അവര്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഏകകണ്ഠമായാണ് ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്. എറണാകുളത്ത് നിന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ നിന്നും പത്ത് പേരാണ് ആ സ്ഥാനത്തേക്കുണ്ടായിരുന്നത്. എന്റെ ഏറ്റവും അടുത്ത ജയിസണ്‍ ജോസഫിനെയും എം.ആര്‍ അഭിലാഷിനെയും എനിക്ക് ഭാരവാഹികള്‍ ആക്കാന്‍ പറ്റിയില്ല. ഇവിടെ നിന്നും സീനിയര്‍ ആയ നാലു പേരാണ് ഭാരവാഹികളായത്.
28 ഭാരവാഹികളില്‍ നാല് പേരാണ് എറണാകുളത്തു നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്റെ ജില്ലായാണെന്നു കരുതി പത്തു പേരെ വെക്കാന്‍ സാധിക്കുമോ? അതിനൊക്കെ പരിമിതിയുണ്ട്. ഞാന്‍ പോലും ഈ സ്ഥാനത്തൊന്നും എത്താത്ത ആളാണ്. അവര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും മഹിള കോണ്‍ഗ്രസിന്റെയും അഖിലേന്ത്യ സെക്രട്ടറിയായിട്ടുണ്ട്. ഒരുപാട് സ്ഥാനങ്ങള്‍ നിഷേധിക്കപ്പെട്ട ആളാണ് ഞാന്‍. ഇപ്പോഴാണ് ഭാരവാഹികളെ തീരുമാനിക്കുന്ന ടീമില്‍ ഞാന്‍ വന്നത്.
സി.പി.എമ്മുകാരാനായ ഒരു ചാനല്‍ മേധാവി സി.പി.എമ്മുകാരുമായി ഗൂഢാലോചന നടത്തി പുറത്തിറക്കിയിരിക്കുന്ന വാര്‍ത്തയാണിത്. സി.പി.എമ്മിനെ സഹായിക്കുന്നതിന് വേണ്ടിയുള്ള കുക്ക്ഡ് അപ്പ് സ്റ്റോറിയാണിത്. ആ എഡിറ്ററുടെ പശ്ചാത്തലം പരിശോധിച്ചാല്‍ അത് മനസിലാകും. ഇന്റര്‍വ്യൂ നടത്താന്‍ പോയ റിപ്പോര്‍ട്ടര്‍ എല്ലാ ദിവസവും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ആളാണ്. സിനിമ രംഗത്തുള്ള ആരോപണം കോണ്‍ഗ്രസിലും ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അവര്‍ അതൊന്നും പറഞ്ഞില്ല. അവര്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും കിട്ടിയില്ലെന്ന് മാത്രമാണ് പറഞ്ഞത്.
സി.എല്‍.പി ലീഡര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമിതിയില്‍ ഞാന്‍ ഉണ്ടെന്നു മാത്രമെയുള്ളൂ. പാര്‍ട്ടിയുടെ അവസാന തീരുമാനം എടുക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണ്. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും എ.ഐ.സി.സിയുടെ അനുവാദത്തോടെയാണ് എടുക്കുന്നത്. എല്ലാ തീരുമാനങ്ങളിലും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കും. ഒരാള്‍ക്ക് ഒറ്റക്ക് തീരുമാനങ്ങള്‍ എടുക്കാനാകില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.