തിരുവനന്തപുരം :ഗ്രാമപഞ്ചായത്തുകളില്‍ ഓൺലൈനില്‍ സേവനം ഒരുക്കുന്ന ഐ.എൽ.ജി.എം.എസ് വഴി ഇതിനകം കൈകാര്യം ചെയ്തത് അരക്കോടിയിലധികം ഫയലുകളാണെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 2022 ഏപ്രില്‍ നാലിനാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണൻസ് മാനേജ്മെന്‍റ് സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി വരെ 50,91,615ഫയലുകളാണ് ഐ.എൽ.ജി.എം.എസ് വഴി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ കൈകാര്യം ചെയ്തത്. ഇതില്‍ 43,92,431 (86.26 ശതമാനം) ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. തീര്‍പ്പാക്കാൻ ബാക്കിയുള്ളതില്‍ അപാകത പരിഹരിക്കാൻ കത്ത് നല്‍കിയ 1,07,258ഫയലുകളും പാര്‍ക്ക് ചെയ്ത 1,40,961ഫയലുകളുമുണ്ട്. 264 സേവനങ്ങളാണ് ഐ.എൽ.ജി.എം.എസ് വഴി നിലവില്‍ ലഭിക്കുന്നത്. അഭിമാനകരമായ നേട്ടമാണ് ഐ.എൽ.ജി.എം.എസ് വഴി ഇ ഗവേണൻസ് രംഗത്ത് കേരളം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ സേവനങ്ങള്‍ എല്ലാം ലഭ്യമാകുന്ന രീതിയിലാണ് ഐ.എൽ.ജി.എം.എസ് സംവിധാനം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. പണമടക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുള്‍പ്പെടെ വെബ്സൈറ്റിലുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ നേരിട്ട് വരാതെ, വെബ്സൈറ്റിലൂടെ അപേക്ഷകള്‍ നല്‍കുന്ന സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.