കൊല്ലം: രണ്ട് കോടിയുടെ കട ബാധ്യതയുള്ള പത്മകുമാർ, വെറും 10 ലക്ഷം രൂപക്ക് കുട്ടിയെ തട്ടിക്കൊണ്ട് പോകുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. അറസ്റ്റിലായ പത്മകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് എം.എൽ.എ പറഞ്ഞു. സാധാരണക്കാരനായ ഒരാൾ ഇങ്ങനെ ചെയ്യുമെന്നത് വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇതിനിടെ, ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് ജീവപര്യന്തംവരെ കിട്ടാവുന്ന വകുപ്പുകളാണ്. തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേൽപിക്കല് തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്. പത്മകുമാര്‍ (52), ഭാര്യ എം.ആര്. അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് ഡിസംബർ 15 വരെ റിമാൻഡ് ചെയ്തത്.
പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവരെ ആറുവയസുകാരിയും സഹോദരനും തിരിച്ചറിഞ്ഞു. അതേസമയം ആറുവയസുകാരിക്കും സഹോദരനും പൊലീസ് മെമന്റോ നല്‍കിയെന്ന് എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യം. അതുകൊണ്ടാണ് പ്രതികളിലേക്കെത്താൻ വൈകിയത്. കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വാർത്ത പ്രചരിച്ചതോടെ പ്രതികള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടായിരുന്നെന്നും എ.ഡി.ജി.പി പറഞ്ഞു. പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിസംബർ 15 വരെയാണ് റിമാൻഡ്. ഇവരെ രണ്ട് സബ് ജയിലുകളിലാക്കി. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരിയെയും അനുപമയെയും തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലേക്കുമാണ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.