തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ എം.എൽ.എ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായി പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ.
ഒറ്റുകാരൻ ഗണേഷ് കുമാർ സി.പി.എമ്മിന് വേണ്ടി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയത് ക്രൂരമായ ഗൂഢാലോചനയാണെന്നും ജനങ്ങളുടെ മറുപടി പുതുപ്പള്ളികൊണ്ട് തീരില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെങ്കിലും യു.ഡി.എഫിനെ സംബന്ധിച്ച് നേരത്തെ ബോധ്യമുള്ള കാര്യങ്ങളാണ് ഇതെല്ലാം. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരവും നാണംകെട്ടതുമായ രാഷ്ട്രീയ ഗൂഢാലോചനയാണ് സോളാർ കേസിൽ നടന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഗണേഷ് കുമാറിന്റെ പൊതുജീവിതം തന്നെ ഉമ്മൻചാണ്ടി എന്ന മനുഷ്യന്റെ ഔദാര്യത്തിന്റെ ഫലമായിട്ടാണ് എന്ന് എല്ലാവർക്കും അറിയാം. കൂടെ നിന്ന് ഒറ്റിയതിൽ സമാനതകളില്ലാത്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും ഷാഫി പറഞ്ഞു.
മന്ത്രി സ്ഥാനം കിട്ടുമോ ഇല്ലയോ എന്ന ആശങ്കയിൽ ഇടതുപക്ഷത്തിനെതിരെ കയ്യടിക്ക് വേണ്ടി പറയുന്ന ഒന്ന് രണ്ട് വാചകങ്ങൾക്കപ്പുറത്തേക്ക് യു.ഡി.എഫിലേക്ക് ഒരു കണ്ണെറിയാനാണ് ഗണേഷ് കുമാറിന്റെ ഭാവമെങ്കിൽ അതിന് ഏതെങ്കിലും നേതാവ് കണ്ണോ കാതോ കൊടുക്കുന്നുണ്ടെങ്കിൽ അത് യൂത്ത് കോൺഗ്രസ് നടത്തിക്കില്ലെന്ന് ഷാഫി പറമ്പിൽ തുറന്നടിച്ചു.
ഇതിൽ സി.പി.എമ്മിന്റെ, പിണറായി വിജയൻ ഉൾപ്പെടെയുള്ള ആളുകളുടെ പങ്ക് അന്വേഷണത്തിലൂടെ കൊണ്ടുവരണമെന്നും ഇപ്പോൾ പിണറായി വിജയൻ അലങ്കരിക്കുന്ന മുഖ്യമന്ത്രി എന്ന സ്ഥാനം ഉമ്മൻചാണ്ടിക്കെതിരായി സത്യവിരുദ്ധമായി നടത്തിയ ഗൂഢാലോചനയുടെയും വ്യക്തിഹത്യയുടെയും ഫലമായി അനർഹമായി കിട്ടിയതാണെന്നും ഷാഫി പറഞ്ഞു. സി.പി.എം ഗണേഷ് കുമാറിനെ ഉപയോഗിച്ച് നടത്തിയ നാടകങ്ങളുടെ ഭാഗമാണോ എന്നകാര്യവും അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.