സോളാര്‍ വിവാദം: ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ.പി.സി.സി

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടന്ന സോളാര്‍ ഗൂഢാലോചനയെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ.പി.സി.സി യോഗം. ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളും കോഴ ആരോപണങ്ങളും സി.ബി.ഐ ചീന്തിയെറിഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഉമ്മന്‍ ചാണ്ടിയെ 10 വര്‍ഷം വേട്ടയാടിയതില്‍ കുറ്റസമ്മതോ മാപ്പോ പറയാന്‍ സി.പി.എം തയാറായില്ല എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും കെ.പി.സി.സി യോഗം ചൂണ്ടിക്കാട്ടി.

സോളാര്‍ വിവാദത്തില്‍ സി.പി.എമ്മിന്റെ പങ്ക് സി.ബി.ഐ റിപ്പോര്‍ട്ടില്‍നിന്ന് സുവ്യക്തമാണ്. പിണറായി വിജയന്റെ ബദ്ധശത്രുവായിരുന്ന ദല്ലാള്‍ നന്ദകുമാര്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി മാറിയതും പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരേ സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുക്കിയതും കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനമാണ്.

ഇതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ഇടപാടിലും സി.പി.എം പങ്ക് വ്യക്തമാണ്. യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ മൊഴിനല്കാന്‍ സി.പി.എം 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി തന്നെ പരസ്യമായി പറഞ്ഞു. ഈ സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയില്‍ വരണം. ആരോപണങ്ങളുടെ പ്രഭവകേന്ദ്രമായ ഗണേഷ്‌കുമാറിനെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. സി.പി.എം ഇപ്പോഴും ഗണേഷ്‌കുമാറിനെ ഒക്കത്തുനിന്ന് മാറ്റിയിട്ടുമില്ല.

മാസപ്പടി

മാസപ്പടി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. നല്‍കാത്ത സേവനത്തിന് മാസന്തോറും പണം പറ്റുന്നത് മാസപ്പടിയല്ലെങ്കില്‍ പിന്നെന്താണെന്ന് വ്യക്തമാക്കണം. യഥാർഥത്തില്‍ അതു കോഴയാണെന്ന് എല്ലാവര്‍ക്കുമറിയാം. മാസപ്പടിയില്‍ മുഖ്യമന്ത്രിക്ക് വായ് തുറക്കാന്‍ മാസങ്ങളെടുത്തതു തന്നെ ഈ വിഷയത്തില്‍ അങ്ങേയറ്റം പ്രതിരോധത്തിലായതുകൊണ്ടാണ്. കരിമണല്‍ കമ്പനിക്ക് മകളുടെ കമ്പനി എന്തു സേവനമാണു നല്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

എ.ഐ കാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലും മുഖ്യമന്ത്രി കുടുംബാംഗങ്ങളുടെ പേര് ഉയര്‍ന്നിട്ടുണ്ട്. കേരളം കൊള്ളയടിക്കുന്ന കമീഷന്‍ ഫാമിലിയായി പിണറായി കുടുംബം മാറിയിരിക്കുകയാണ്. യഥാർഥത്തില്‍ ഇഡി അന്വേഷണം നടക്കേണ്ടത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേയാണ്. ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവമാണ് കേന്ദ്രഏജന്‍സികളില്‍നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത്.

ലാവ്‌ലിന്‍ കേസ്

എസ്.എ.ന്‍സി ലാവ്‌ലിന്‍ കേസ് 35-ാം തവണയും മാറ്റിവച്ചതില്‍ അസ്വഭാവികത മണക്കുന്നു. ഇത്തവണയും മാറ്റിവച്ചത് സി.ബി.ഐയുടെ അഭിഭാഷകനായ അഡീ. സോളിസിറ്റര്‍ ജനറല്‍ ഹാജരാകാതെ വന്നപ്പോഴാണ്. ഓരോ തവണയും ഓരോ കാരണം പറഞ്ഞ് ഈ കേസ് മാത്രം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയബന്ധങ്ങളാണ് എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ പണം വിനിയോഗിച്ച് ഡല്‍ഹിയില്‍ പ്രത്യേകമായി രണ്ടു പേരെ നിയോഗിച്ചത് ബി.ജെ.പിയുമായി പാലമുണ്ടാക്കാനാണ്.

കരുവന്നൂര്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എം ഉന്നതനേതൃത്വത്തിന്റെ പങ്കാണ് പുറത്തു വരേണ്ടത്. എ.സി മൊയ്തീനെ സി.പി.എം നേതൃത്വം സംരക്ഷിക്കുന്നത് കൂട്ടുകച്ചവടം പുറത്തുവരുമെന്നു ഭയന്നാണ്. മുന്‍ ആലത്തൂര്‍ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ ബിജുവിന്റെ പങ്കും ദുരൂഹമാണ്.

കേരളം കണ്ട ഏറ്റവും വലിയ കുഭകോണങ്ങളിലൊന്നാണ് കരുവന്നൂരിലേത്. സി.പി.എം ബിനാമി പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ കുടുംബം കമീഷന്‍ ഫാമിലയുമാണ്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പുമൂലം നീണ്ടുപോയ മണ്ഡലം പ്രസിഡന്റുമാരുടെ പുന:സംഘടന അടിയന്തരമായി പൂര്‍ത്തിയാക്കും. അതോടൊപ്പം ബൂത്ത് കമ്മിറ്റികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും പുന:സംഘടന പൂര്‍ത്തിയാക്കും. കെ കരുണാകരന്‍ ഫൗണ്ടേഷന്റെ മന്ദിര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനേ ആരംഭിക്കാനും യോഗം തീരുമാനിച്ചു. 

Tags:    
News Summary - Solar controversy: KPCC wants independent agency to probe conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.