കൊച്ചി: മുസ്ലിം സമൂഹം നേരിടുന്ന അസ്തിത്വ പ്രതിസന്ധിക്ക് പരസ്പര ഐക്യത്തിലൂടെ പരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്ത് പണ്ഡിത സമ്മേളനം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളന ഭാഗമായി 'മുസ്ലിം ഉമ്മത്ത് അസ്തിത്വം അതിജീവനം' വിഷയത്തിൽ നടന്ന മില്ലി കോൺഫറൻസാണ് വിവിധ മുസ്ലിം സംഘടന നേതാക്കൾ ഏക ശബ്ദമായി ഐക്യത്തിന് ആഹ്വാനം ചെയ്തത്.
മതങ്ങളെ സംവാദത്തിനുള്ള ഇടങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇസ്ലാമിന്റെ സുതാര്യതയും സൗന്ദര്യവും കാണിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം മുസ്ലിം സമൂഹത്തിനുണ്ട്. തീവ്രവാദ സമീപനമുള്ള ഒരു സമൂഹവുമായും സന്ധിയാകരുതെന്നും ഇക്കാര്യത്തിലും ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമൂഹത്തിന് ആത്മവിശ്വാസം നൽകുന്ന പരിപാടികൾക്ക് നേതൃത്വം നൽകാൻ നേതാക്കൾക്ക് കഴിയണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പറഞ്ഞു.
ഖുർആൻ മുറുകെപ്പിടിച്ചും അതിന്‍റെ സന്ദേശം മുഴുവൻ ജനങ്ങളിലെത്തിച്ചും ഐക്യത്തോടെ മുന്നേറാൻ കഴിയേണ്ടതുണ്ടെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡ് അംഗം അബ്ദുൽ ശുക്കൂർ ഖാസിമി ഓർമിപ്പിച്ചു. രാഷ്ട്രീയമായ കെട്ടുറപ്പോടെയും നിയമ പോരാട്ടത്തിലൂടെയും ഒന്നിച്ചുനീങ്ങിയാൽ സമുദായത്തിനുനേരെയുള്ള ബുൾഡോസറുകളെ നേരിടാനാകുമെന്ന് കെ.എൻ.എം സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി അഭിപ്രായപ്പെട്ടു. ഇത്തരം ഒരുമിച്ചിരിക്കലുകൾക്ക് തുടർച്ചകൾ ഉണ്ടാകേണ്ടതുണ്ടെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി പറഞ്ഞു. സമുദായങ്ങൾക്കിടയിൽ അവിശ്വാസവും വെറുപ്പും പ്രചരിക്കപ്പെട്ടാൽ മുഴുവൻ സമൂഹത്തിനുമത് പരിക്കേൽപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും വർഗീയവത്കരിച്ച് വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഭിന്നിപ്പിന്‍റെ ശക്തികൾക്കെതിരെ സമുദായം ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും അതിന് യുവാക്കൾ വേദിയൊരുക്കുന്നത് പ്രത്യാശജനകമാണെന്നും കേരള മുസ്ലിം യുവജന ഫെഡറേഷൻ പ്രസിഡന്‍റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജന. സെക്രട്ടറി ടി.കെ. അഷ്റഫ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, സി.ടി. സുഹൈബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.