കൊച്ചി: ഇന്ത്യയിൽ മുസ്ലിംകൾ അടക്കം ഏതെങ്കിലും സമുദായത്തെ വംശഹത്യ വഴി ഉന്മൂലനം ചെയ്യാമെന്നത് സംഘ്പരിവാറിന്റെ ദിവാസ്വപ്നം മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി. 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കലൂർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ ഇസ്ലാമിനെ ഭയക്കുന്നു നിങ്ങളും ഭയപ്പെടണം എന്ന നിലപാടിൽനിന്നാണ് ലോകവ്യാപകമായി ഇസ്ലാമോഫോബിയ സൃഷ്ടിക്കപ്പെടുന്നത്. ചൂഷണാധിഷ്ഠിത ലോകത്ത് അത് ചെയ്യുന്നവർക്ക് ഇസ്ലാം വെല്ലുവിളിയാണെന്നതാണ് ഈ നിലപാടിലേക്ക് അവരെ എത്തിച്ചത്. ഇന്ത്യയിൽ ബി.ജെ.പിക്ക് ഇത് 'പീക്ക് ടൈം' ആണ്. എത്രതന്നെ ശ്രമിച്ചാലും അവർക്കുള്ള പിന്തുണ 40 ശതമാനത്തിനപ്പുറം പോകില്ല. ഇസ്ലാമോഫോബിയയും മുസ്ലിം വെറുപ്പും എന്ന രണ്ട് കാലുകളിലാണ് ഫാഷിസം നിലനിൽക്കുന്നത്. അവ രണ്ടും ഒടിച്ചാൽ രക്ഷപ്പെടുന്നത് ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് മതം പിന്തിരിപ്പനാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇസ്ലാമിക വിശ്വാസം അഭിമാനമാണെന്നും വിമോചന പോരാട്ടങ്ങൾക്ക് ഇസ്ലാം ഊർജം പകരുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ആയിരക്കണക്കിന് പ്രതിനിധികൾ സന്നിഹിതരായ പ്രതിനിധി സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ സ്വാഗതം പറഞ്ഞ ഉദ്ഘാടന സെഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി.
വിവിധ സെഷനുകളിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ, സംസ്ഥാന ശൂറ അംഗം യൂസഫ് ഉമരി, മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നേരത്തേ സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. തുടർന്ന് യുവജന പ്രകടനവും വൈകീട്ട് അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. നാലുമണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.