‘വണ്ടിയുടെ ബുക്കും പേപ്പറുമായി ഞാൻ അങ്ങോട്ട് വരികയാ... അത്യാവശ്യമായി ഒരു ലക്ഷം വേണം...’ നഗരത്തിലെ ഓട്ടോ തൊഴിലാളിയായ സക്കീർ രാവിലെ വിളിച്ചു പറഞ്ഞു. സക്കീർ എന്റെ അടുത്ത സുഹൃത്താണ്. ജീവിതം കൂട്ടിമുട്ടിക്കാൻ രണ്ട് പതിറ്റാണ്ടു മുമ്പ് നഗരത്തിലെത്തിയ കാലം മുതൽ ഞങ്ങൾ പരിചയത്തിലാണ്. ഓട്ടോ ഓടി കിട്ടുന്ന വരുമാനം കൊണ്ട് ഭാര്യയും രണ്ട് കുട്ടികളുമായി അല്ലലില്ലാതെയാണ് അവൻ കഴിയുന്നതെന്ന് എനിക്കറിയാം. നാലഞ്ചു മാസം മുമ്പ് വരെ ഓട്ടോക്ക് അടവുണ്ടായിരുന്നതാണ്. ഞാൻ ജോലി ചെയ്യുന്ന ഫിനാൻസ് സ്ഥാപനത്തിൽനിന്നാണ് വായ്പ എടുത്തിരുന്നത്.
ഒരു ദുഃസ്വഭാവവും ഇല്ലാത്ത സക്കീർ നല്ലൊരു സാമൂഹികപ്രവർത്തകൻകൂടിയാണ്. അറിയപ്പെടുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ സജീവ പ്രവർത്തകൻ. സംഘടനയോട് വ്യക്തിപരമായി താൽപര്യമില്ലെങ്കിലും ദുരന്തഭൂമിയിൽ അവരുടെ വളന്റിയർമാർ ചെയ്യുന്ന സേവനം അംഗീകരിക്കാതിരിക്കാനാവില്ല. തുടർച്ചയായി ഒന്നും രണ്ടും ആഴ്ച ഓട്ടോറിക്ഷ ഓടിക്കാതെ സക്കീർ ദുരന്തമേഖലകളിൽ സേവനത്തിന് പോകുന്ന കാര്യം എനിക്കറിയാം. പിന്നീട് വീട്ടുചെലവിനായി എന്നോട് 1000, 2000 തോതിൽ കൈവായ്പ വാങ്ങുന്ന പതിവുണ്ട്. ഓട്ടോ ഓടി കാശ് കിട്ടിയാലുടൻ കൃത്യമായി തിരിച്ചുതരികയും ചെയ്യും. ആ സക്കീറിനാണ് പെട്ടെന്ന് കാശിന് ആവശ്യം വന്നിട്ടുള്ളത്:
‘എന്തുപറ്റി സക്കീറെ... എന്തെങ്കിലും ആശുപത്രിക്കാര്യം..?’
‘അതൊക്കെ പിന്നെ പറയാമെടാ... കാശിന്ന് ശരിയാകുമല്ലോ...’
‘പരമാവധി നോക്കാം... ന്നാലും, നാലു മാസം മുമ്പല്ലേ നീ അടവൊക്കെ തീർത്ത് സ്വസ്ഥമായത്...’
‘അതൊക്കെ ശരിയാ... ഇപ്പോ കുടുംബത്ത് തീരെ സ്വസ്ഥതയില്ലാത്ത അവസ്ഥയാ... കായ് കിട്ടിയാലേ പ്രശ്നം തീരൂ...’
എത്ര ആലോചിച്ചിട്ടും അവന്റെ പ്രശ്നം എന്തെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഒരുപക്ഷേ, ഭാര്യവീട്ടുകാരെ സഹായിക്കാനായിരിക്കുമോ... പറഞ്ഞപോലെ ഉച്ചക്ക് ഓഫിസിൽ വന്ന സക്കീർ ആർ.സി ബുക്ക് പണയംവെച്ച് പണവുമായി പോയി. വളരെ തിരക്കിലായിരുന്നു അവന്റെ വരവും പോക്കും. വൈകീട്ട് ഓഫിസ് വിട്ട് ഞാൻ വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴുണ്ട് സക്കീറും ഭാര്യയും കുട്ടികളെയും കൂട്ടി ടെക്സ്റ്റൈൽസിലെ ഷോപ്പിങ് കഴിഞ്ഞ് നടന്നുവരുന്നു.
‘കുറച്ചുകൂടി സാധനങ്ങൾ വാങ്ങാനുണ്ട്... പിന്നീട് കാണാം’ എന്നു പറഞ്ഞ് സക്കീറും കുടുംബവും പോയി. നാലാം ഓണമായ ചൊവ്വാഴ്ച വൈകുന്നേരം വീണ്ടും സക്കീറിനെ നഗരത്തിൽ െവച്ച് കണ്ടു. ഞാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവൻ എന്റെ അടുത്തേക്ക് വരികയായിരുന്നു. ഓട്ടോ വർക്ക് ഷോപ്പിലാണെന്നും രാത്രി എട്ടുമണിയോടെയേ ശരിയാക്കി കിട്ടൂവെന്നും പറഞ്ഞു.
‘വണ്ടീടെ ബുക്ക് പണയപ്പെടുത്തി കാശെടുത്തത് ഷോപ്പിങ് നടത്താനായിരുന്നുവല്ലേ..?’ ഞാൻ ചോദിച്ചു.
‘ഒന്നും പറയേണ്ട സഹോദരാ. പ്രിയതമ വീട്ടിൽ ഭയങ്കര വഴക്ക്... ഓളെ ഒരു വള ഞാൻ പണയംവെച്ചിരുന്നു... അത് എടുത്തു കൊടുത്തില്ലെങ്കിൽ വീട്ടിലേക്ക് പോകുമെന്നു വരെ അവള് പറഞ്ഞു... കുട്ടികൾക്ക് ഡ്രസ്, ഓൾക്ക് സാരി... എല്ലാം ഇന്നലെ തന്നെ കിട്ടണമെന്ന് പറഞ്ഞ് വാശിയായിരുന്നു...’
‘അവർക്ക് കാര്യങ്ങളൊക്കെ അറിയാമല്ലോ, നിന്റെ കൂടെ എന്തിനും ഏതിനും കട്ടക്ക് നിന്നിരുന്നവളല്ലേ, പിന്നെയെന്താ പെട്ടെന്നൊരു വാശി?’ ഞാൻ തിരക്കി. ഒന്ന് രണ്ട് പെരുന്നാൾ ദിനങ്ങളിൽ ഞാനവന്റെ വീട്ടിൽ പോയിട്ടുണ്ട്. നല്ല ആതിഥ്യമര്യാദയുള്ള വീട്ടമ്മ. ഭർത്താവിനോട് അവർക്ക് സ്നേഹവും ബഹുമാനവുമാണ്.
‘ഞാൻ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനത്തിന് പോയില്ലേ... ദുരന്തബാധിത മേഖലയിൽ ഗവൺമെന്റിന്റെ ചെലവ് സംബന്ധിച്ച കണക്കും വിശകലനങ്ങളുമൊക്കെ കഴിഞ്ഞദിവസം പുറത്തുവന്നല്ലോ... അത് ചെലവാക്കിയ പൈസയല്ല, എസ്റ്റിമേറ്റാണെന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. പക്ഷേ, പത്രത്തിലും ടി.വിയിലുമൊക്കെ വാർത്ത കണ്ടത് മുതൽ വൈഫ് പറയുന്നത് എനിക്ക് ലക്ഷങ്ങൾ കിട്ടിയിട്ടുണ്ടെന്നാ..! പിന്നെ വള എടുത്തുകൊടുക്കാൻ അവള് വാശിപിടിച്ചില്ലെങ്കിലേ പറയാനുള്ളൂ...’
‘ശരിയാ, എന്നാലും നിന്റെ ഓട്ടോ പണയത്തിലായില്ലേ...’
‘അതൊന്നും പ്രശ്നമില്ലെടാ... ദുരന്തബാധിത മേഖലയിലുള്ളവരുടെ ദുരിതങ്ങള്... അതൊക്കെ വെച്ച് നോക്കുമ്പോൾ ഈ ഒരു ലക്ഷം കടം ഒരു പ്രശ്നമാണോ അളിയാ...’ അത്രയും പറഞ്ഞ് സക്കീർ പൊട്ടിച്ചിരിച്ചു. എനിക്ക് പക്ഷേ, ചിരിക്കാൻ കഴിഞ്ഞില്ല..!.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.