സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം

പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ കോയിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ (26) കണ്ടെത്താൻ പേരാമ്പ്ര എ.എസ്.പി ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം. പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുഷിര്‍, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.സി. ബിജു, ഹബീബുല്ല, കെ. അബ്ദുൽ ഖാദര്‍, പി.കെ. സത്യന്‍, രാജീവ് ബാബു, വി.കെ. സുരേഷ് എന്നിവർ ഉൾപ്പെടെ 14 പേരാണ് പ്രത്യേക സംഘത്തിലുള്ളതെന്ന് ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി അറിയിച്ചു. ഇർഷാദ് ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പരാമർശമുള്ള പന്തിരിക്കര സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇർഷാദ് സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായിട്ട് മൂന്നാഴ്ചയോളമായി. ഇയാളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സംഘം ബന്ധുക്കൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അവരോട് വാങ്ങിയ സ്വർണത്തിന്റെ തുക ലഭിക്കാതെ വിട്ടുകൊടുക്കില്ലെന്നും ബന്ധുക്കളെ അറിയിച്ചു. പൊലീസിൽ അറിയിച്ചാൽ ഇർഷാദിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, ഭീഷണി വകവെക്കാതെ യുവാവിന്റെ മാതാവ് കഴിഞ്ഞദിവസം പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഷമീറിന്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നിട്ടും കത്തികാട്ടി ഭീഷണിപ്പെടുത്തിയും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

പ്രവാസിയായിരുന്ന ഇർഷാദ് സ്വർണക്കടത്ത് സംഘത്തിനുവേണ്ടി സ്വർണം കടത്തിയിരുന്നതായാണ് വിവരം.

കടത്തിയ സ്വർണം സംഘത്തിന് ലഭിക്കാതായതോടെയാണ് തട്ടിക്കൊണ്ടുപോയത്. കൊണ്ടുവന്ന സ്വർണം മറ്റൊരു സംഘം കൈക്കലാക്കിയെന്നാണ് ശബ്ദസന്ദേശത്തിൽനിന്ന് പൊലീസ് സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ വലയിലാകുമെന്നാണ് സൂചന. നാട്ടിൻപുറങ്ങളിൽനിന്ന് വിദേശത്ത് പോകുന്ന യുവാക്കളെ സ്വർണക്കടത്തുസംഘം മോഹനവാഗ്ദാനങ്ങൾ നൽകി വലയിലാക്കുന്നത് പതിവായിരിക്കുകയാണ്.

കാരിയർമാരായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്വർണം കൈക്കലാക്കുന്ന എതിർസംഘങ്ങളും രംഗത്തുണ്ട്. പല കേസുകളും പൊലീസിൽ അറിയിക്കാതെ തീർക്കുകയാണ് ചെയ്യുന്നത്.

Tags:    
News Summary - Special investigation team to find youth kidnapped by gold smuggling gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.