കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യത പട്ടിക കേന്ദ ്രനേതൃത്വത്തിന് സമർപ്പിച്ചുവെന്ന് പറഞ്ഞ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള യെ തള്ളി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബി.ജെ.പി സ്ഥാനാർഥികൾക്കായുള്ള ചർച്ച മാർച്ച് രണ്ടിനു ശേഷമേ ആരംഭിക്കുകയുള്ളൂ. കീഴ്ഘടകങ്ങളിൽ ചർച്ചചെയ്തശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമപട്ടിക ഉണ്ടാക്കിയശേഷമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയെ സമീപിക്കൂ എന്ന് എം.ടി. രമേശ് പറഞ്ഞു. ശ്രീധരൻപിള്ള ലിസ്റ്റ് തയാറായെന്നു പറഞ്ഞത് കേവലം അഭിപ്രായ പ്രകടനമായി കണ്ടാൽ മതിയെന്നും രമേശ് കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശ്രീധരൻപിള്ളയുമായി കൃഷ്ണദാസ് ഗ്രൂപ്പിലെ പ്രമുഖർ ഇടഞ്ഞുവെന്ന വാർത്തകളെ സാധൂകരിക്കുന്നതാണ് എം.ടി. രമേശിെൻറ പരസ്യമായ അഭിപ്രായ പ്രകടനം. കോർകമ്മിറ്റിയോഗത്തിൽ ഒരു വിഭാഗം മാറിനിന്നല്ലോ എന്ന ചോദ്യത്തിന് ഒരാൾ ആന്ധ്രയിലായതുകൊണ്ടാണ് പങ്കെടുക്കാഞ്ഞതെന്നും മറ്റൊരാൾക്ക് വരുന്ന വഴിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതുകൊണ്ടാണ് എത്താഞ്ഞതെന്നും രമേശ് പറഞ്ഞു.
വെള്ളിയാഴ്ച നടന്ന കോർകമ്മിറ്റി യോഗത്തിൽ വി. മുരളീധരനും കെ. സുരേന്ദ്രനും പങ്കെടുത്തിരുന്നില്ല. ബി.ഡി.ജെ.എസുമായുള്ള സീറ്റ് ചർച്ചകൾ 99 ശതമാനവും പൂർത്തിയായി. കൂടുതൽ വിവരങ്ങൾ എൻ.ഡി.എ നേതാക്കൾ പങ്കുവെക്കും. തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് താൽപര്യമെന്നും എം.ടി. രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.