ശ്രീജിത്തിന്‍റെ മരണം: സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശ്രീജിത്തിന്‍റെ കസ്റ്റഡിമരണ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിഷ്പക്ഷവും നീതിപൂര്‍വവും ഫലപ്രദവുമായ അന്വേഷണം സാധ്യമാക്കാന്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.  

കത്തിന്‍റെ പൂർണരൂപം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,                                        
എറണാകുളം  വരാപ്പുഴ ദേവസ്വം പാടത്തെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കേരളീയ സമൂഹത്തെ ഒന്നടങ്കം നടുക്കിയിരിക്കുയാണ്. കേരള പിറവിക്കുശേഷം നടന്ന ഏറ്റവും ഭീകരവും പ്രാകൃതവുമായ ഈ കസ്റ്റഡി മരണത്തെ സംബന്ധിച്ച് സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തികച്ചും അപര്യാപ്തവും യഥാർഥ പ്രതികളെ സഹായിക്കാന്‍ മാത്രമേ ഉതകുന്നതുമാണ്. സംഭവം നടന്ന് ഇന്നേവരെ നടത്തിയിട്ടുള്ള കേസന്വേഷണ പുരോഗതി വിലയിരുത്തിയാല്‍ തന്നെ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ മാത്രമേ നിലവില്‍  നടക്കുന്ന അന്വേഷണം സഹായിക്കുകയുള്ളുവെന്ന കാര്യം വ്യക്തമാണ്.  

കസ്റ്റഡി മരണത്തിന് ഉത്തരവാദികളെ സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിട്ടും പൊലീസിന്‍റെ ഒളിച്ചുകളി കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബാംഗങ്ങളില്‍ അന്വേഷണം സംബന്ധിച്ച് സംശയവും ആശങ്കയും ഉണ്ടാക്കിയതായി മാധ്യമവാര്‍ത്തകളില്‍ നിന്നും മനസിലാകുന്നു. കൊല്ലപ്പെട്ട ശ്രിജിത്തിനെ കസ്റ്റഡിയിലെടുത്ത എറണാകുളം റൂറല്‍ പോലീസ് സൂപ്രണ്ടിന്‍റെ കീഴിലെ മൂന്നംഗ ടൈഗര്‍ സ്‌ക്വാഡിന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് കസ്റ്റിഡിയിലെടുക്കാന്‍ അധികാരം നല്‍കിയത് ആരാണ്? അപ്രകാരം അറസ്റ്റിന് ചുമതലപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥന് എന്തധികാരം? ശ്രീജിത്തിനെതിരെ ആരോപിക്കപ്പെട്ട പരാതിയുടെ  അന്വേഷണ ചുമതലയില്ലാത്ത ഉദ്യേഗസ്ഥന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാന്‍ ടൈഗര്‍ സ്‌ക്വാഡിനെ ചുമതലപ്പെടുത്താന്‍ എന്തധികാരം? മേല്‍ വിവരിച്ച വിഷയങ്ങള്‍ വിശദമായ അന്വേഷണ വിധേയമാക്കിയാല്‍ മാത്രമെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍  ബാഹ്യശക്തികള്‍ പൊലീസില്‍ നടത്തിയ ഇടപെടലുകള്‍ കണ്ടെത്താന്‍ സാധിക്കു. ആയതിന് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്.  

കസ്റ്റഡി മരണങ്ങള്‍, വ്യാജഏറ്റുമുട്ടലുകള്‍ തുടങ്ങി പൊലീസ് പ്രതികളാവുന്ന കേസുകളില്‍ സംസ്ഥാന പൊലീസ് നടത്തുന്ന കേസന്വേഷണം നീതിയുക്തമാവില്ലെന്നും ആയതുകൊണ്ട് തന്നെ അത്തരം കേസുകളില്‍ ഇരയുടെ ബന്ധുക്കള്‍ക്കുകൂടി വിശ്വാസമുള്ള കേന്ദ്ര ഏജന്‍സിയെക്കൊണ്ടുള്ള അന്വേഷണ് ആവശ്യമെന്ന് സുപ്രീംകോടതി നിരവധി വിധിന്യായങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വെളിവാകുന്ന ഭീകരമായ  പൊലീസ് മര്‍ദ്ദനത്തെ സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകള്‍ മുഖവിലക്കെടുക്കാതെ ഒരു മെഡിക്കല്‍  ബോര്‍ഡ് രൂപീകരിച്ച്  മരണകാരണം സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ തേടുന്നതായി മാധ്യമവാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. കൊലപാതകം  പോലുള്ള മെഡിക്കോ ലീഗല്‍ കേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജ്ജന്‍റെ മൊഴിയുടെയും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തേണ്ടതിന് പകരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് മേല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ദാഭിപ്രായം തേടുന്നത് നിയമവിരുദ്ധവും ക്രിമിനല്‍ കേസന്വേഷണത്തില്‍ കേട്ടുകേഴ്‌വിയില്ലാത്തതുമാണ്. 

ഉന്നതരായ പൊലീസുകാരെ കേസില്‍നിന്ന് രക്ഷ പെടുത്താനുദ്ദേശിച്ച് കൊണ്ടുള്ള അന്വേഷണ ഉദ്യേഗസ്ഥന്‍റെ കുടില തന്ത്രമായേ മെഡിക്കല്‍ ബോര്‍ഡ് രൂപീകരണത്തെ കാണാനാവൂ. ആയത് ഒരിക്കലും ക്രിമനല്‍  നടപടി ക്രമം അനുസരിച്ചും ഇന്ത്യന്‍  തെളിവ് നിയമം അനുസരിച്ചും അനുവദനീയമല്ലാത്തതാണ്. സംസ്ഥാന പൊലീസില്‍ ക്രിമിനലുകളുടെ സാന്നിദ്ധ്യംകൂടി വരികയാണ്. പൊലീസിലെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ പൊലീസ് സേനയെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുയാണ്. ആയത് നിയമവാഴ്ചയ്ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്‍റെ ഫലമായി സര്‍ക്കാരിന് നല്‍കിയ ശിപാര്‍ശകള്‍ നടപ്പിലാക്കേണ്ടതാണ്. നിഷ്പക്ഷവും നീതിപൂര്‍വവും ഫലപ്രദവുമായ അന്വേഷണം സാദ്ധ്യമാക്കാന്‍ ഒട്ടും താമസിയാതെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണ കേസ് സി.ബി.ഐ.യെ ഏൽപിക്കുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യർഥിക്കുന്നു. 

സ്‌നേഹപൂര്‍വം, രമേശ് ചെന്നിത്തല. 

Tags:    
News Summary - Sreejith Custody Murder: Ramesh Chennithala Want CBI Enquiry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.