സി.ബി.ഐ ഇന്ന് എത്തും; കുറ്റവാളികളെ ശിക്ഷിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ച ശ്രീജിവിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തില്‍ നിന്ന് സി.ബി.ഐ ഇന്ന് മൊഴിയെടുക്കും. മൊഴി നല്‍കാന്‍ ഇന്ന് രാവിലെ പത്ത് മണിക്ക് എത്തണമെന്നാണ് ശ്രീജിത്തിനോടും അമ്മയോടും സി.ബി.ഐ അറിയിച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ചതായി ശ്രീജിത്ത് സ്ഥിരീകരിച്ചു.

ശ്രീജിത്തിന്‍റെ സമരം 780 ദിവസം പിന്നിടുമ്പോഴാണ് സി.ബി.ഐ മൊഴിയെടുക്കാന്‍ എത്തുന്നത്. ഇതോടെ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന്‍റെ രണ്ട് വര്‍ഷത്തോളം നീണ്ട പോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്. എന്നാൽ, സി.ബി.ഐ എത്തുന്നതോടെ സമരം അവസാനിപ്പിക്കില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കും വരെ തുടരുമെന്നുമാണ് ശ്രീജിത്ത്ിന്‍റെ നിലപാട്. അന്വേഷണത്തിന് സി.ബി.ഐ എത്തിയാൽ സമരം അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേ ശ്രീജിത്ത് അറിയിച്ചിരുന്നത്.

സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്‍റെ അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ സി.ബി.ഐ ജോയിന്‍റ്  ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഉത്തരവ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിത്ത് സി.ബി.ഐ എത്തുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തതോടെ‍യാണ് ഈ കേസിന് അടിയന്തരപ്രാധാന്യം നല്‍കി ദിവസങ്ങള്‍ക്കകം ഉത്തരവ് എത്തിച്ചത്.

Tags:    
News Summary - sreejith protest: Cbi coming today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.