കൊച്ചി: ബലാത്സംഗക്കേസില്‍ യൂട്യൂബർ ശ്രീകാന്ത് വെട്ടിയാറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ശ്രീകാന്തിനെ ചോദ്യം ചെയ്യുക. പ്രതിക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈകോടതി ശ്രീകാന്തിന് നിർദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.
ജന്മദിനാഘോഷത്തിന് വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസില്‍ കഴിഞ്ഞ ആഴ്ച ശ്രീകാന്തിന് ജാമ്യം ലഭിച്ചിരുന്നു.
ആലുവയിലെ ശ്വാസ് അക്വാസിറ്റി ഹാറ്റിൽ വെച്ച് 2021 ഫെബ്രുവരി പതിനഞ്ചിനും എം.ജി റോഡിലെ ഐ.ബി.ഐ.എസ് ഹോട്ടലിൽ വെച്ച് 2021 ഒക്ടോബർ 25നും ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (2)(എൻ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പരാതി നൽകിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നൽകിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.