മാനത്തിന് വിലയിട്ടവന് അന്നദാനത്തിന് പണമടപ്പിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച ആള്‍ക്ക് മാതൃകശിക്ഷ നല്‍കിയ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തന്നെ അപമാനിച്ച യുവജന സംഘടന നേതാവിന് കൊച്ചിയിലെ വിദ്യാഭ്യാസ കള്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ശ്രീലക്ഷ്മി വിധിച്ച ശിക്ഷയാണ് ചര്‍ച്ചയാകുന്നത്. തിരുവനന്തപുരം ശ്രീചിത്ര ഹോമില്‍ അന്നദാനത്തിന് 25,000രൂപ നല്‍കണമെന്നും ഇയാളെ സംഘടനയില്‍നിന്ന് പുറത്താക്കിയ മിനിറ്റ്സിന്‍െറ പകര്‍പ്പ് അയക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. യുവാവ് 25,000രൂപ ശ്രീചിത്ര ഹോമില്‍ സംഭാവന ചെയ്തതിന്‍െറ ബില്‍ സഹിതം പോസ്റ്റ് ചെയ്താണ് ഫേസ്ബുക്കില്‍ യുവതി ദുരനുഭവം വിവരിച്ചത്.

തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മിക്ക് ഒരുരാത്രിയില്‍ അപരിചിതമായ നമ്പറില്‍നിന്ന് നിങ്ങളുടെ ഒരുദിവസത്തെ വിലയെത്രയെന്ന് ചോദിച്ച് വിളിയും വാട്സ്ആപ്പ് സന്ദേശങ്ങളും ലഭിച്ചു. ശല്യം സഹിക്കാതെ ഫോണ്‍ ഓഫ് ചെയ്തിട്ടും ഫലമുണ്ടായില്ല. ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ അശ്ളീല മെസേജുകള്‍ ലഭിച്ചു. ഒടുവില്‍, താന്‍ ആരാണെന്നും എന്തുജോലിയാണ് ചെയ്യുന്നതെന്നും പറഞ്ഞ് യുവതി അങ്ങോട്ട് വിളിച്ചു. തെറ്റ് മനസ്സിലായ ആള്‍ നല്‍കിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണ് നമ്പര്‍ ലഭിച്ചതെന്ന് അറിയിച്ച അയാള്‍, ഗ്രൂപ്പില്‍ നമ്പര്‍ നല്‍കിയ ആളുടെ പേരും വെളിപ്പെടുത്തി. പ്രമുഖ യുവജന സംഘടന നേതാവായ അയല്‍വാസിയാണ് ഇവരുടെ നമ്പര്‍ വാട്സ്ആപ്പില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. കേസ് കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും യുവാവിന്‍െറ അച്ഛനും സംഘടന നേതാക്കളും എത്തി കാലുപിടിച്ചതോടെയാണ്  25,000 രൂപ ശ്രീചിത്ര ഹോമിലോ അഭയയിലോ ഗാന്ധിഭവനിലോ സംഭാവന നല്‍കണമെന്നും ഇയാളെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്നുമുള്ള യുവതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പിലത്തെിയത്. സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് ഇയാളെ പുറത്താക്കിയ മിനിറ്റ്സ് ഉടന്‍ അയച്ചുകൊടുക്കാമെന്ന് പാര്‍ട്ടിക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടത്രേ.

വാര്‍ത്തക്കുവേണ്ടിയല്ല, ഭയംകൊണ്ടാണ് താന്‍ ഫേസ്ബുക്കില്‍ ബില്‍ സഹിതം കുറിപ്പെഴുതിയതെന്ന് യുവതി ‘മാധ്യമ’ത്തോട് പറഞ്ഞു. തന്‍െറ അനുജനെപോലെ കരുതിയ അയാളില്‍നിന്ന് ഇത്തരമൊരു അനുഭവം ഒരിക്കലും പ്രതീക്ഷിച്ചില്ല. പൊലീസില്‍ പരാതിപ്പെട്ടാല്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാകില്ല. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഒരുസ്ത്രീയുടെ നമ്പര്‍ കിട്ടിയാല്‍ ഉടന്‍ അവര്‍ക്ക് വിലയിടുന്ന കേരളത്തിലെ പുരുഷന്മാരുടെ മനോഭാവം പേടിപ്പെടുത്തുന്നതാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.

Tags:    
News Summary - sreelakshmi's facebook post viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.