തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ മുഖ്യ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് പിൻവലിച്ചു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായാണ് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നത്. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാൻ പാടില്ലെന്ന ചട്ടം മറികടന്നായിരുന്നു ഇത്. സിറാജ് ദിനപത്രം മാനേജ്മെൻറ് ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനെ കമീഷൻ തിരിച്ചുവിളിച്ചത്.
ശ്രീറാം വെങ്കിട്ടരാമനൊപ്പം ആസിഫ് കെ. യൂസുഫിനെയും തെരഞ്ഞെടുപ്പ് കമീഷൻ തിരിച്ച് വിളിച്ചിട്ടുണ്ട്. ഇരുവർക്കും പകരമായി കേരള ആയുഷ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജാഫർ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരുവൈക നഗർ, എഗ്മോർ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നൽകിയിരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെ കുറ്റകൃത്യങ്ങൾ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞയാഴച സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി മാറ്റിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
നേരത്തെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻെറ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ശ്രീറാമിനെ കേരള സർക്കാർ നിയമിച്ചിരുന്നു. കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്ന് പിന്നീട് ഈ തസ്തികയിൽനിന്ന് നീക്കി. സർക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജവാർത്തകൾ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ് പി.ആർ.ഡിയുടെ കീഴിൽ ഫാക്ട് ചെക്ക് വിഭാഗത്തിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.