എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം

തിരുവനന്തപുരം: അടുത്ത മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് എട്ടിന് തുടങ്ങുന്ന പരീക്ഷ നേരത്തേ 23ന് അവസാനിക്കുന്ന രൂപത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.

പുതിയ ടൈംടേബിള്‍ പ്രകാരം എട്ടിന് തുടങ്ങുന്ന പരീക്ഷ മേയ് 27നായിരിക്കും അവസാനിക്കുക. വിദ്യാര്‍ഥികള്‍ക്ക് പ്രയാസമേറിയ ഊര്‍ജതന്ത്രം, രസതന്ത്രം, സാമൂഹികശാസ്ത്രം പരീക്ഷകളുടെ തലേദിവസം അവധി ലഭിക്കുന്ന രൂപത്തിലാണ് പുതിയ ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തേ മാര്‍ച്ച് 21ന് നടത്താനിരുന്ന ഊര്‍ജതന്ത്രം പരീക്ഷ മാര്‍ച്ച് 16ലേക്ക് മാറ്റി. 21ന് പരീക്ഷ ഉണ്ടായിരിക്കില്ല.16ന് നടത്താനിരുന്ന സാമൂഹികശാസ്ത്രം പരീക്ഷ 27ലേക്കും മാറ്റി.

പരീക്ഷ ഉച്ചക്ക് ശേഷം 1.45ന് തന്നെയായിരിക്കും തുടങ്ങുക. പുതുക്കിയ ടൈംടേബിള്‍: മാര്‍ച്ച് എട്ട് (ബുധന്‍) ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന്, ഒമ്പത് -ഒന്നാം ഭാഷ -പാര്‍ട്ട് രണ്ട്, 13 -രണ്ടാം ഭാഷ -ഇംഗ്ളീഷ്, 14 -മൂന്നാം ഭാഷ -ഹിന്ദി, 16 -ഊര്‍ജതന്ത്രം, 20-ഗണിതശാസ്ത്രം, 22-രസതന്ത്രം, 23 -ജീവശാസ്ത്രം, 27 സാമൂഹിക ശാസ്ത്രം.

എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ ഫെബ്രുവരി 22ന് തുടങ്ങി മാര്‍ച്ച് രണ്ടിന് അവസാനിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 13ന് തുടങ്ങി 21ന് അവസാനിക്കും. ഹൈസ്കൂളുകളിലെയും അനുബന്ധ എല്‍.പി, യു.പി സ്കൂളുകളിലെയും വാര്‍ഷികപരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആറ് വരെയും 28 മുതല്‍ 30വരെയും നടക്കും. ഇത്തവണ 54 കേന്ദ്രങ്ങളിലായിരിക്കും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുക. പത്താം ക്ളാസില്‍ പഠിപ്പിക്കുന്ന അധ്യാപകരെ മാത്രമേ മൂല്യനിര്‍ണയത്തിന് നിയമിക്കൂ. നവംബര്‍ 15ന് അവസാനിച്ച പരീക്ഷാ ഫീസടയ്ക്കല്‍ തീയതി ഏതാനും ദിവസം കൂടി നീട്ടാനും തീരുമാനിച്ചു.

പരീക്ഷാനടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് നല്‍കിയിരുന്ന നിശ്ചിത തുക പ്രതിഫലം ഒരു ഡി.എ എന്ന രൂപത്തില്‍ പരിഷ്കരിക്കാനും തീരുമാനിച്ചു. നേരത്തേ 100 രൂപയില്‍ താഴെ ലഭിച്ചിരുന്ന പ്രതിഫലം ഡി.എ ആക്കിയതോടെ ചുരുങ്ങിയത് 400 രൂപയെങ്കിലുമാകും. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ കണ്ടിന്‍ജന്‍സി തുക ഇരട്ടിയാക്കാനും യോഗം തീരുമാനിച്ചു.

ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, ജോയന്‍റ് പരീക്ഷാ കമീഷണര്‍ മാത്യു, പരീക്ഷാസെക്രട്ടറി കെ.ഐ. ലാല്‍, അധ്യാപക സംഘടനാപ്രതിനിധികളായ എ.കെ. സൈനുദ്ദീന്‍, കെ.സി. ഹരികൃഷ്ണന്‍, എം. സലാഹുദ്ദീന്‍, ശരച്ചന്ദ്രന്‍, എ. മുഹമ്മദ്, എ.വി. ഇന്ദുലാല്‍, ഇടവം ഖാലിദ്കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    
News Summary - sslc exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.