പൊ​ന്നാ​നി തു​റ​മു​ഖ പ​ദ്ധ​തി പ്ര​ദേ​ശം

പൊന്നാനിയിൽ കപ്പലടുപ്പിക്കൽ സാധ്യത സജീവമാക്കി സംസ്ഥാന ബജറ്റ്

പൊന്നാനി: ചരക്ക്, ഗതാഗതസൗകര്യങ്ങൾക്ക് ഊന്നൽ നൽകിയതോടെ പൊന്നാനിയിൽ കപ്പൽ അടുപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് കൈത്താങ്ങായിരിക്കുകയാണ് സംസ്ഥാന ബജറ്റ്. അഞ്ച് തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 40.5 കോടി രൂപ അനുവദിച്ചതിലാണ് പൊന്നാനിയും ഉൾപ്പെട്ടത്. പൊന്നാനി കൂടാതെ അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുടെ വികസനത്തിനാണ് ബജറ്റിൽ ഫണ്ട് വകയിരുത്തിയത്. പൊന്നാനിയിൽ കപ്പലടുപ്പിക്കാനുള്ള പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു.

ഹാർബറിന് സമീപത്ത് 150 മീറ്റർ നീളത്തിൽ കപ്പൽ ടെർമിനൽ നിർമിക്കാൻ പ്രാഥമിക ധാരണയായിട്ടുണ്ട്. പുതിയ ജങ്കാർ ജെട്ടി മുതൽ കനോലി കനാൽ വരെയുള്ള ഭാഗത്ത് പുതിയ വാർഫും നിർമിക്കും. കപ്പലുകൾ സുഗമമായി അടുപ്പിക്കാൻ 13 മീറ്റർ വരെ ആഴം വർധിപ്പിക്കാനാണ് തീരുമാനം. ആഴം വർധിപ്പിക്കുമ്പോൾ എടുക്കുന്ന മണൽ വിൽക്കുമ്പോൾ സാമ്പത്തിക ബാധ്യത ഒഴിവാകുമെന്നാണ് പ്രതീക്ഷ. വിവിധോദ്ദേശ്യ പദ്ധതിയെന്ന നിലയിലാണ് പൊന്നാനി ഹാർബർ കേന്ദ്രീകരിച്ച് ഇവ നടപ്പാക്കുക. 200 മീറ്റർ നീളത്തിൽ ചരക്ക് കപ്പലുകൾക്കുൾപ്പെടെ നങ്കൂരമിടാവുന്ന തരത്തിലുള്ള ഡി.പി.ആറാണ് സമർപ്പിച്ചത്.

നേരത്തേ നടത്തിയ ഹൈഡ്രോഗ്രാഫിക് സർവേയിൽ കപ്പലടുപ്പിക്കാൻ പൊന്നാനി തുറമുഖം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. നൂറുകോടി രൂപയോളം ചെലവുവരുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കുന്ന തരത്തിലാണ് തയാറാക്കിയത്.

നിലവിൽ പൊന്നാനി അഴിമുഖത്ത് ചിലയിടങ്ങളിൽ ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ് നടത്തി 10 മീറ്ററോളം ആഴം വർധിപ്പിക്കും. തുറമുഖവകുപ്പിന് കീഴിലുള്ള സ്ഥലമുൾപ്പെടെ ഏറ്റെടുത്ത് കപ്പലുകൾ അടുപ്പിക്കാനാവശ്യമായ വലിയ വാർഫുൾപ്പെടെ നിർമിക്കും. ഇതിന്‍റെ ഭാഗമായി കടലോരത്തെ പഴയ മത്സ്യബന്ധന ഷെഡുകൾ പൊളിച്ചുമാറ്റാൻ ഉടമകൾക്ക് നോട്ടീസ് നൽകാൻ പോർട്ട് കൺസർവേറ്ററെ ചുമതലപ്പെടുത്തി.

ലക്ഷദ്വീപുമായി ഏറ്റവും ദൂരക്കുറവുള്ള തുറമുഖം പൊന്നാനിയായതിനാൽ യാത്രഗതാഗതത്തിന് പുറമെ ചരക്ക് ഗതാഗതത്തിനും സാധ്യതകൾ ഏറെയെന്നാണ് നിഗമനം. കോയമ്പത്തൂരിലേക്കുൾപ്പെടെ വാണിജ്യ സാധനങ്ങൾ കയറ്റിയയക്കാനുള്ള സാധ്യതയുമുണ്ട്. പുരാതന കാലത്ത് കപ്പലടുത്തിരുന്ന തുറമുഖമെന്നതിനാൽ കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ വർധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. 

Tags:    
News Summary - State budget activates possibility of ship came at Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.