കൊണ്ടോട്ടി: അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ ഹജ്ജ് നയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി നടപടി ആരംഭിച്ചു. കേരളത്തിനായി കേസ് ഏറ്റെടുത്ത അഭിഭാഷകൻ ഹാരിസ് ബീരാൻ ഞായറാഴ്ച ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമായും അംഗങ്ങളുമായും ചർച്ച നടത്തി. കേന്ദ്ര സർക്കാർ ഹജ്ജ് നയത്തിന് അംഗീകാരം നൽകിയാൽ അടുത്ത ദിവസംതന്നെ കോടതിയെ സമീപിക്കാനാണ് ഹജ്ജ് കമ്മിറ്റി തീരുമാനം.
അഞ്ചാം വർഷ അപേക്ഷകർക്ക് നറുക്കെടുപ്പില്ലാെത അവസരം നൽകുക, കരിപ്പൂർ വിമാനത്താവളം എംബാർക്കേഷൻ പോയൻറായി നിലനിർത്തുക, 70 വയസ്സിന് മുകളിലുള്ളവർക്കൊപ്പം സഹായിയെ അനുവദിക്കുക, സർക്കാർ ക്വോട്ട അതേപടി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ പ്രധാനമായി ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. കേരളത്തിനൊപ്പം മഹാരാഷ്്ട്ര, ജമ്മു-കശ്മീർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും കേരളെത്ത പിന്തുണച്ച് കക്ഷി ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
ഹജ്ജിന് അനുമതി ലഭിക്കുന്നവരിൽ 83 ശതമാനം പേരും മലബാറിൽ നിന്നുള്ളവരാണ്, 800 പേർക്ക് ഒരേസമയം ഉപയോഗിക്കാൻ സൗകര്യമുള്ള ഹജ്ജ് ഹൗസ്, കഴിഞ്ഞ തവണ നെടുമ്പാശ്ശേരിയിൽനിന്ന് സർവിസ് നടത്തിയ അതേവിമാനം ഉപയോഗിച്ച് കരിപ്പൂരിൽനിന്ന് സർവിസ് നടത്താം തുടങ്ങിയ വിഷയങ്ങളും സുപ്രീംകോടതിയിൽ ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.