റിസോർട്ടിൽ താമസിച്ചത് അമ്മക്ക് വേണ്ടി, സ്വകാര്യ കാര്യങ്ങൾ പരസ്യമാക്കുന്നതില്‍ പ്രയാസം- ചിന്ത

തിരുവനന്തപുരം: കൊല്ലത്ത് റിസോര്‍ട്ടില്‍ താമസിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികിത്സയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് അവിടെ താമസിച്ചത്. പുറത്ത് പറയുന്ന തരത്തിലുള്ള വാടകയൊന്നും താന്‍ നല്‍കിയിട്ടില്ലെന്നും മാസം 20000 രൂപ മാത്രമാണ് മാസ വാടകയായി നല്‍കിയതെന്നും ചിന്ത പറഞ്ഞു.

ദിവസവാടക 8490 രൂപ വരുന്ന കൊല്ലം തങ്കശേരിയിലെ സ്വകാര്യ റിസോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലാണ് ചിന്ത ഒന്നര വര്‍ഷം താമസിച്ചതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് ചിന്ത മറുപടിയുമായി രംഗത്തെത്തിയത്.

കോവിഡ് കാലത്ത് അമ്മക്ക് സ്ട്രോക്ക് വന്നിരുന്നതിനാൽ അവരെ വീട്ടില്‍ തനിച്ചാക്കി പോകാൻ കഴിയില്ലായിരുന്നു. ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. അമ്മക്ക് മറ്റ് ചില അസുഖങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ആദ്യം ചികിത്സ. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യങ്ങളൊക്കെ ആവശ്യമുണ്ടായ സാഹചര്യത്തില്‍ വീട് പുതുക്കി പണിയാനും അമ്മക്ക് ആയുര്‍വേദ ചികിത്സ നടത്താനും തീരുമാനിച്ചു.

യാത്രകളില്‍ അമ്മയെ കൂടെ കൂട്ടാറാണ് പതിവ്. ഞാന്‍ വിദേശത്ത് പോയപ്പോഴൊക്കെ അമ്മ താമസിച്ചിരുന്നത് കൃഷ്ണപുരം ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായ ഗീതാ ഡാര്‍വിന്റെ വീട്ടിലാണ്. ഇതിനിടെ ഡോക്ടർ താമസിക്കുന്ന ഇൗ റിസോർട്ട് അപ്പാര്‍ട്ട്‌മെന്റിന്‍റെ താഴെത്തെ നിലയിലേക്ക് ഞാനും അമ്മയും താമസം മാറി.

അമ്മക്ക് ഡോ.ഗീതയുടെ പരിചരണം ലഭിക്കുമെന്നതായിരുന്നു പ്രധാന കാര്യം. കോവിഡ് സാഹചര്യംകൊണ്ട് വീടുപണിയും നീണ്ടിരുന്നു. 20000 രൂപയാണ് അപ്പാര്‍ട്ട്‌മെന്റിൽ താമസിക്കാന്‍ മാസ വാടക. അത് കൃത്യമായി തന്നെ നല്‍കിയിട്ടുണ്ട്. വിമര്‍ശിക്കുന്നവര്‍ തന്റെ ഈ അവസ്ഥ മനസിലാക്കണമെന്നും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങളൊക്കെ ഇങ്ങനെ പരസ്യമാക്കുന്നതില്‍ പ്രയാസമുണ്ടെന്നും ചിന്ത പ്രതികരിച്ചു.

Tags:    
News Summary - Stayed at the resort for mother, difficulty in making private matters public- chintha jerome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.