ഒറ്റപ്പാലം: ഷൊർണൂർ സ്പർശിക്കാതെ പോകുന്ന ദീർഘദൂര ട്രെയിനുകൾക്ക് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിക്കുന്നത് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സിറ്റിസൺസ് ഫോറം പ്രതിനിധികൾ പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചാതുർവേദിയുമായി ചർച്ച നടത്തി.
കോവിഡ് കാലത്ത് നിർത്തലാക്കിയ ടി ഗാർഡൻ എക്സ് പ്രസിന് ട്രെയിനിന്റെ ഒറ്റപ്പാലത്തെ സ്റ്റോപ് പുനഃസ്ഥാപിക്കുക, നിലമ്പൂർ - ഷൊർണൂർ എക്സ് പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുക, സ്റ്റേഷനിലെ തൽക്കാൽ ടിക്കറ്റ് ബുക്കിങ്ങിലെ പോരായ്മകൾ പരിഹരിക്കുക, റിസർവേഷൻ സൗകര്യം വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിനിധി സംഘം ഡിവിഷനൽ മാനേജർക്ക് മുന്നിൽവെച്ചത്.
അമൃത് ഭാരത് പദ്ധതി പ്രകാരം ഒറ്റപ്പാലത്ത് നടത്തിവരുന്ന വികസന പ്രവർത്തങ്ങളുടെ പ്രയോജനം എല്ലാ ദീർഘദൂര ട്രെയിനുകൾക്കും ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിക്കണമെന്നും ഒറ്റപ്പാലത്തെ മലബാറിന്റെ റെയിൽവേ ഹബ്ബായി വികസിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ആദ്യഘട്ടം എന്ന നിലയിൽ ടി. ഗാർഡൻ എക് പ്രസ്, സ്റ്റോപ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൊച്ചുവേളി-മൈസൂർ എക് പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ ഡിവിഷനൽ മാനേജർ ഉറപ്പ് നൽകിയതായി സിറ്റിസൺ ഫോറം പ്രസിഡന്റ് അഡ്വ. ആർ.പി. ശ്രീനിവാസൻ അറിയിച്ചു. തൽക്കാൽ റിസർവേഷനിൽ കൂടുതൽ ടിക്കറ്റുകൾ ഒറ്റപ്പാലത്തേക്ക് അനുവദിക്കാനുള്ള സൗകര്യം ഒരുക്കാനും ഇൻഫർമേഷൻ കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും ട്രെയിനിന്റെ സ്ഥിതി വിവരങ്ങൾ അറിയുന്നതിന് ടച്ച് സ്ക്രീൻ സംവിധാനം പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആദ്ദേഹം ഉറപ്പ് നൽകിയതായും സിറ്റിസൺ ഫോറം ഭാരവാഹികൾ പറഞ്ഞു.
ജനകീയ കൂട്ടായ്മ മിഷൻ കോ ഓഡിനേറ്റർ ആർ. മധുസൂദനൻ, കൺവീനർമാരായ ഭാസ്കരൻ പാലത്തോൾ, തോമസ് ജേക്കബ്, ടി.എ. മുസ്തഫ ഹാജി, വി.പി. രാധാകൃഷ്ണൻ, പി.എം. ശിവദാസൻ, പ്രഫ. സരോജ്കുമാർ, കെ.എൽ. ബാലസുബ്രഹ്മണ്യൻ, കെ. വേലു, പി. വേണുഗോപാൽ എന്നിവരടങ്ങിയ പ്രതിനിധി സംഘം നിവേദനവും സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.