തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചതിൽ എതിർപ്പ് ശക്തമാകുന്നു. ഭരണ-പ്രതിപക്ഷ യുവജനസംഘടനകൾ പെൻഷൻ പ്രായ വർധനക്കെതിരെ രംഗത്തുവന്നു. യുവാക്കളോടുള്ള വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുവാക്കളുടെ നിലപാടിനൊപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി. ബി.ജെ.പിയും കടുത്ത വിയോജിപ്പ് ഉയർത്തി. സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും പെൻഷൻ പ്രായം വർധിപ്പിച്ചതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി.
പെൻഷൻ പ്രായ വർധന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായി പലവട്ടം ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പത്ത് മിനിറ്റോളം റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പിരിഞ്ഞുപോയി. എം.ജി റോഡിലെ ഗതാഗതത്തെയും സമരം ബാധിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സെക്രട്ടേറിയറ്റിലേക്ക് വലിയ യുവജന പങ്കാളിത്തമുള്ള മാർച്ച് നടത്തും. എല്ലാ ജില്ലയിലും സമരം തുടങ്ങും. പെൻഷൻ വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണം. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുന്നോടിയാണിതെന്ന് സംശയിക്കുന്നതായും നേതാക്കൾ പറഞ്ഞു.
സർക്കാർ തിരുത്തിയില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് എ.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയും യുവജന ദ്രോഹവുമാണ് ഇത്. തൊഴില്‍രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാകൂ. തീരുമാനം പിന്‍വലിച്ച് യുവജനങ്ങളുടെ തൊഴില്‍ അവകാശം സംരക്ഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും ആവശ്യപ്പെട്ടു.
തീരുമാനം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. പൊതുമേഖലയിൽ പെൻഷൻ പ്രായം കൂട്ടിയതിനോട് യോജിപ്പില്ല. സർക്കാറിന് ചെറുപ്പക്കാരോട് വിവേചനമില്ല. അനുകൂല സമീപനമാണുള്ളത്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.